പത്തനംതിട്ട കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ തോക്കും വടിവാളും; കയ്യോടെ പൊക്കി പൊലീസ്

news image
Jul 26, 2022, 10:01 pm IST payyolionline.in

പത്തനംതിട്ട: പത്തനംതിട്ട വെട്ടിപ്പുറത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് തോക്കും വടിവാളും പിടിച്ചെടുത്തു. ആനപ്പാറ സ്വദേശി നൗഫലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനൽ  കേസുകളിലും പ്രതിയായ നൗഫൽ കഴിഞ്ഞ കുറെ നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പുറത്ത് പോയി തിരികെയെത്തിയ നൗഫലിന്‍റെ കൈവശം തോക്ക് ഉണ്ടെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ  നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരകന്‍റെ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് മേധിവിയുടെ ഡാൻസാഫ് ടീമാണ് പ്രതി വാടകയ്ക്ക് താമസിക്കുന്ന വെട്ടിപ്പുറത്തെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. വീട്ടിൽ രഹസ്യമായി ഒളിപ്പിച്ചിരുന്ന ഇന്ത്യൻ നിർമ്മിത റിവോൾവറും ആറ് ബുള്ളറ്റുകളും വടിവാളും കത്തിയും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്ന് ഹെൽമറ്റുകൾ, ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്ലൗസുകൾ, 12500 രൂപ എന്നിവയും കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ തോക്ക് ദില്ലിയിൽ നിന്ന് വാങ്ങിയതാണെന്ന് നൗഫൽ പൊലീസിനോട് പറഞ്ഞു. കഞ്ചാവ് കടത്തുമ്പോൾ സ്വയം രക്ഷക്കായി ഉപയോഗിക്കാൻ വാങ്ങിയതാണെന്നും മൊഴി നൽകി. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe