പത്തനംതിട്ട ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; ഒമ്പത് കേസിലെ പ്രതി, ഒടുവിൽ അറസ്റ്റ്

news image
Jan 9, 2024, 2:46 pm GMT+0000 payyolionline.in

കാഞ്ഞങ്ങാട്: നിരവധി കേസുകളിലെ പ്രതിയായയാൾ ജഡ്ജി ചമഞ്ഞ് പൊലീസിനെ വട്ടംകറക്കി. ഒടുവിൽ കള്ളിവെളിച്ചത്തായപ്പോൾ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ (43) ആണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. തിങ്കളാഴ്ച രാത്രിയാണ് സംഭവത്തിന് തുടക്കം. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിയെത്തിയത്. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ആണെന്ന് പറഞ്ഞായിരുന്നു ഫോണ്‍ വിളി.

ഇത് വിശ്വസിച്ച പൊലീസ് ഉടന്‍ നീലേശ്വരം ഹൈവേയിലെത്തി. തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ഒരു ലോഡ്ജിലെത്തിക്കണമെന്നും കാറിലുള്ള പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് വാഹനത്തില്‍ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.

ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. കണ്ണൂരിലേക്ക് പോകാന്‍ ടാക്‌സി ഒരുക്കിത്തരണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പൊലീസ് പറഞ്ഞു. ആദ്യം ജഡ്ജിയെന്ന് പറഞ്ഞ പ്രതി ഇടക്ക് അറിയാതെ ഡി.വൈ.എസ്.പിയാണെന്ന് പറഞ്ഞതോടെ സംശയം തോന്നിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

രാത്രി മുഴുവന്‍ പൊലീസിനെ കബളിപ്പിച്ച ഷംനാദ് 9 കേസുകളിൽ പ്രതിയാണ്. ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ കെ.പി. സതീഷ് ഉൾപെടെയുള്ള പൊലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe