കോഴിക്കോട് : പത്തുമാസത്തെ ഇടവേളക്കുശേഷം തിയേറ്ററുകളില്‍ ബുധനാഴ്ച മുതല്‍ വെളിച്ചവും ശബ്ദവും നിറയും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കുശേഷമാണ് സിനിമാ രംഗത്തെ വിവിധ സംഘടനകള്‍ യോഗം ചേര്‍ന്ന് തിയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. – വിജയ് നായകനായ തമിഴ് ചിത്രം ‘മാസ്റ്റര്‍’ ആണ് ആദ്യം എത്തുന്നത്. 310 ദിവസത്തെ ഇടവേളക്കുശേഷം സിനിമാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് ചലച്ചിത്ര പ്രേമികള്‍.
കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 10ന് സെക്കന്‍ഡ്ഷോ കഴിഞ്ഞ് തിയേറ്ററുകള്‍ അടച്ചതാണ്. ജനുവരി ആദ്യവാരം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും തിയേറ്റുകള്‍ തുറന്നിരുന്നില്ല.
വിനോദനികുതിയിലും വൈദ്യുതി ബില്ലിലെ കുടിശ്ശികയിലും ഇളവ് ആവശ്യപ്പെട്ട് ഉടമകളുടെ സംഘടനകള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മാര്‍ച്ച് വരെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് തിയേറ്ററുകള്‍ തുറക്കുന്നത്. വൈദ്യുതി കുടിശ്ശിക തവണകളായി അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.സര്‍ക്കാര്‍ തീരുമാനം വന്നയുടന്‍തന്നെ അണുവിമുക്തമാക്കലും ശുചീകരണവും നടത്തിയിരുന്നു. കോവിഡ് ചട്ടം പാലിച്ചാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം.
ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിച്ച വിജയ് നായകനാകുന്ന തമിഴ് ആക്ഷന്‍ -ത്രില്ലറാണ് മാസ്റ്റര്‍. ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ നഗരത്തില്‍ പതിച്ചിട്ടുണ്ട്. രാധാ തിയേറ്ററില്‍ മാസ്റ്റര്‍ രാവിലെ 10, പകല്‍ 2, വൈകിട്ട് 5.45 എന്നീ സമയങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മാനേജര്‍ രജീഷ് പറഞ്ഞു.