കൊയിലാണ്ടി : പത്ത് വയസ്സുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ച പ്രതിക്കു നാല്പതു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജൻ (63) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമ പ്രകാരവും
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും രണ്ടു കേസുകളിൽ ആയി ഇരുപതു വർഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്.
2018 ൽ ആണ് കേസ് ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചു ആളില്ലാത്ത സമയത്തു പല തവണകളായി പ്രതി കുട്ടികളെ പീഡിപ്പിക്കുക ആയിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കുട്ടികളെ കൊന്നു കളയും എന്നു പറഞ്ഞു പ്രതി കുട്ടികളെ ഭീഷണി പെടുത്തുകയായിരുന്നു. കുട്ടികളിൽ ഒരാൾ പീഡന വിവരം പിന്നീടു ചേച്ചിയോട് പറയുകയും രണ്ട് കുട്ടികളുടെയും രക്ഷിതാക്കൾ ചൈൽഡ് ലൈൻനെ അറിയിക്കുകയും അവർ പോലീസിൽ അറിയിക്കുകയും ആയിരുന്നു. ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.