പനമ്പള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതിയുടെ പരാതിയില്‍ ആണ്‍സുഹൃത്തിനെതിരെ കേസ്

news image
May 16, 2024, 10:06 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിന് വെള്ളിയാഴ്ച്ചയാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസില്‍ അറസ്റ്റിലായ അമ്മ റിമാന്‍ഡറിലാണ്.

ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്‍റെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.  അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായെന്നും  കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം നേരത്തെ തീരുമാനിച്ചിരുന്നത്. ആരോഗ്യനില വീണ്ടെടുത്ത യുവതി യുവാവിനെതിരെ പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe