പന്തീരാങ്കാവ് ​പീഡനക്കേസ്: ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം, മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയില്ലെന്ന് പ്രതിഭാഗം

news image
Jun 11, 2024, 3:38 am GMT+0000 payyolionline.in
കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും. അഞ്ചാം പ്രതിയായ പൊലീസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും. ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നൽകുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
പന്തീരാങ്കാവ് ഗാർഹിക പീഡനകേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം ഒപ്പിട്ട് നൽകിയിരിക്കുകയാണ് പരാതിക്കാരി.
തുടർനടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകും. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

അതേസമയം, കേസിലെ പരാതിക്കാരിയുടെ മൊഴിമാറ്റം പന്തീരാങ്കാവ് കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മകൾ ആരുടെയോ സമ്മർദം നേരിടുന്നുണ്ടെന്നാണ് അച്ഛൻ്റെ പ്രതികരണം. യുവതിയെ കാണാനില്ലെന്ന
പരാതിയിൽ വടക്കേക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

വിവാദമായ പന്തീരാങ്കാവ് പീഡന കേസിൽ മര്‍ദ്ദനമേറ്റ യുവതിയും കുടുംബവും രണ്ട് തട്ടിലാണ്. പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്ത്രീധന പീഡനമടക്കം തള്ളിയ യുവതി രാഹുൽ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം താനും മറ്റൊരാളുമായുള്ള സന്ദേശമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ യുവതിയെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും താൻ സുരക്ഷിതയാണെന്ന് വെളിപ്പെടുത്തി, യുവതി വീണ്ടും തന്റെ യൂട്യൂബ് ചാനൽ വഴി വീഡിയോ സന്ദേശം പുറത്തുവിട്ടു. ആരുടേയും നിർബന്ധ പ്രകാരമല്ല വീഡിയോ വഴി രാഹുലിനെ ന്യായീകരിച്ചതെന്ന് യുവതി പറയുന്നു.

വീട്ടിൽ നിന്ന് വീഡിയോ റിലീസ് ചെയ്യാൻ ആകില്ലെന്നും തനിക്കെതിരെ വീട്ടുകാരുടെ വധഭീഷണി ഉണ്ടായെന്നും പറഞ്ഞ യുവതി സ്വന്തം വീട്ടിൽ താൻ സുരക്ഷിതയല്ലെന്നും പറഞ്ഞു. രഹസ്യ മൊഴി നൽകുന്ന സമയത്ത് സത്യം പറയുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപിയോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടിയ കേസായതിനാൽ വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്ന് എസിപി പറഞ്ഞതായും യുവതി പുതിയ വീഡിയോയിൽ പറഞ്ഞു.

 

അച്ഛൻ ആത്മഹത്യാ ശ്രമത്തിന് ഒരുങ്ങുന്നത് നേരിട്ട് കണ്ട് ഭയന്നു. ഒരു വക്കീൽ ഒരു ദിവസം രാത്രി വീട്ടിൽ വന്നപ്പോൾ സത്യം പറഞ്ഞു. എന്നാൽ അവര്‍ പോലും സത്യം പറയുന്നത് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു. മജിസ്ട്രേറ്റിന് മുൻപിലും സത്യം പറയാൻ പറ്റാതെ പോയതും ഇത് മൂലമാണെന്ന് യുവതി പറയുന്നു. താൻ ബന്ധുക്കളോട് പോലും സത്യം പറയണമെന്ന് പറഞ്ഞു. എന്നാൽ ആരും എന്റെ കൂടെ നിന്നില്ല. താൻ കഴിഞ്ഞ ആഴ്ച എസിപിയെ വിളിച്ച് സത്യം പറയണമെന്ന് പറഞ്ഞു. എന്നാൽ രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ കിട്ടിയത് ചൂണ്ടിക്കാട്ടി അദ്ദേഹം സഹായിച്ചില്ല. തൻ്റെ ഫോൺ പോലും തൻ്റെ കൈയ്യിലുണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു.

 

തന്റെ യൂട്യൂബിൽ ഇന്ന് യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയിലാണ് കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ആദ്യത്തെ വീഡിയോ 18 മിനിറ്റോളവും രണ്ടാമത്തെ വീഡിയോ മൂന്നര മിനിറ്റിലേറെയുമാണ് ദൈര്‍ഘ്യമുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe