പന്തീരാങ്കാവ് സ്വദേശിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ് ; ഡോക്ടറും 2 നഴ്സുമാരും അറസ്റ്റിൽ

news image
Sep 7, 2023, 6:26 am GMT+0000 payyolionline.in

കോഴിക്കോട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതിയും മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ.സി.കെ.രമേശൻ, മൂന്ന്, നാല് പ്രതികളായ സ്റ്റാഫ് നഴ്സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മൂവരും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി. കെ.സുദർശൻ മുൻപാകെ ഇന്നു ഹാജരായിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപ്പട്ടികയിലുള്ള മൂന്നു പേർ ഏഴാം ദിവസമായ ഇന്ന് ഹാജരായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്. കേസിൽ രണ്ടാം പ്രതി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ ഡോ.എം.ഷഹന ഇതുവരെ ഹാജരായിട്ടില്ലെന്നാണു വിവരം.

ഹർഷിനയ്ക്കു മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ ഡോക്ടർമാരും നഴ്സുമാരുമാണ് ഇവർ. ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിത്സപ്പിഴവുണ്ടായെന്നു ജില്ലാതല മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. 2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണു പൊലീസ് കണ്ടെത്തൽ. 2017 ജനുവരി 27ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയിൽ കാണാത്ത ലോഹവസ്തുവാണ് 5 വർഷത്തിനുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

 

ഈ സ്കാനിങ് റിപ്പോർട്ടിന്റെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആർട്ടറി ഫോർസെപ്സ് ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്നു പൊലീസ് കണ്ടെത്തിയത്. സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു നിഗമനത്തിലെത്താൻ കഴിയില്ലെന്നാണ് മെഡിക്കൽ ബോ‍ർഡിലെ റേഡിയോളജിസ്റ്റിന്റെ വാദം.

എന്നാൽ, 9 അംഗ മെഡിക്കൽ ബോർഡിൽ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ, പബ്ലിക് പ്രോസിക്യൂട്ടർ എം.ജയദീപ് എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ബോർഡിലെ ഡോക്ടർമാർ റേഡിയോളജിസ്റ്റിന്റെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. ഇതു പ്രകാരമാണ് കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്നു പറയാൻ പറ്റില്ലെന്നു ബോർഡ് തീരുമാനമെടുത്തത്. ജില്ലാ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിനു പൊലീസ് അപ്പീൽ നൽകുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe