പയ്യോളിയിലെ ദേശീയപാതാ വികസനം: ആശങ്ക വേണ്ടെന്ന് എംഎല്‍എ – വീഡിയോ

news image
Nov 14, 2023, 9:30 am GMT+0000 payyolionline.in

 

പയ്യോളി: പയ്യോളിയിലെ ദേശീയപാത വികസനത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമെന്ന് കാനത്തില്‍ ജമീല എംഎല്‍എ.  ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ പയ്യോളി ബസ്റ്റാൻഡ് നോക്കുകുത്തിയാകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ബസ്റ്റാൻഡിലേക്ക് ബസ്സുകൾ സൗകര്യപൂർവ്വം പ്രവേശിക്കാനുള്ള മാർഗം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.


ദേശീയപാത നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നഗരസഭയുടെ നേതൃത്വത്തിൽ നാളെ ജനകീയ കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്. ഈ കൺവെൻഷനിൽ സമരം പ്രഖ്യാപിച്ചു മുന്നോട്ടു പോകാൻ ആണ് നിലവിലെ തീരുമാനം.

എന്നാല്‍ സമരപ്രഖ്യാപന കൺവെൻഷൻ തെറ്റിദ്ധാരണയുടെ ഭാഗമായി ഉണ്ടായതാണെന്ന് എംഎൽഎ പറഞ്ഞു.  ഇത് സംബന്ധമായ കാര്യങ്ങൾ നഗരസഭ അധികൃതർ ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് ഇത്തരമൊരു കാര്യത്തെ കുറിച്ച് അറിയുന്നതെന്നും എംഎൽഎ പറഞ്ഞു.

സംഭവം ശ്രദ്ദയില്‍ പ്പെട്ടതിനെ തുടര്‍ന്നു ഇന്ന് രാവിലെ 9 മണിയോടെ പയ്യോളിയിലെ ദേശീയപാത നിർമ്മാണത്തിന്റെ പ്രവർത്തി നേരിൽകണ്ട് വിശദീകരിക്കുവാൻ എംഎൽഎ എത്തുകയായിരുന്നു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റ് എൻജിനീയർ മുഹമ്മദ് ഷെഫിൻ  കാര്യങ്ങൾ വിശദീകരിച്ചു.


പയ്യോളി ടൗണിൽ നാല് തൂണുകളാണ് നിർമ്മിക്കുന്നത്. വടകര ഭാഗത്ത് ഉള്ള ആദ്യ തൂണിൽ നിന്ന് 20 മീറ്റർ വിട്ട് രണ്ടാമത്തെ തൂണും പിന്നീട് യഥാക്രമം 30 മീറ്റർ, 20 മീറ്റർ അകലങ്ങളിലായി മറ്റു രണ്ടു തൂണുകളും നിർമ്മിക്കും.

ഇതിനിടയിലുള്ള മൂന്ന് വഴികളിലൂടെയും ഇരുഭാഗത്തേക്കും വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കും. ഇതിൽ പയ്യോളി ബസ് സ്റ്റാൻഡിന് സമീപത്ത് വരുന്ന അവസാനത്തെ തൂണിൽ നിന്ന് ബസ്റ്റാൻഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന വിധത്തിലാണ് നിർമ്മാണം പൂർത്തീകരിക്കുകയെന്ന് എൻ എച്ച് എ ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

സർവീസ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത് 7 മീറ്റർ വീതിയിലാണ്. ഡ്രൈനേജ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലൂടെ വാഹനങ്ങൾ പോകത്തക്ക വിധത്തിൽ ബലത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. സർവീസ് റോഡുകൾ എല്ലായിടത്തും ടുവേ സമ്പ്രദായത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇരുവശങ്ങളിലേക്കും രണ്ടു വാഹനങ്ങൾക്ക് ഒരേസമയം കടന്നു പോകാനുള്ള വീതി ഉറപ്പുവരുത്തിയിട്ടുണ്ട്.


ചിലയിടങ്ങളിൽ സ്ലാബുകൾ തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡ്രൈനേജിലെ ഓരോ 10 മീറ്റർ കഴിഞ്ഞു ഒരു ചെറിയ സ്ലാബ് നിർമ്മിച്ചിട്ടുണ്ട്. ഇവ തെന്നി നീങ്ങിയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും സ്ലാബ് തകർന്നത്. റോഡ് നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞാൽ ഇത്തരം സ്ലാബുകൾ തെന്നി നീങ്ങാതിരിക്കാൻ വേണ്ടിയുള്ള ലോക്ക് സ്ഥാപിക്കും. അതോടുകൂടി ഇത്തരം പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമാകും. അടുത്ത 15 വർഷത്തേക്ക് ഈ നിർമ്മാണത്തിന്റെ പൂർണ്ണ പരിപാലനം കരാർ കമ്പനിക്കാണ്. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ദേശീയപാത ആറുവരിയിലേക്ക് പയ്യോളിക്കും പെരുമാൾപുരത്തിനും ഇടയിലും പയ്യോളിക്കും അയനിക്കാടിനും ഇടയിലും കയറാനും ഇറങ്ങാനും ഉള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇത് സംബന്ധമായ പ്രൊപ്പോസൽ നേരത്തെ നൽകിയിട്ടുണ്ടെന്നും അത് അംഗീകരിക്കുന്ന മുറക്ക് കൂടുതൽ വിവരങള്‍ നാല്‍കാമെന്ന് എംഎൽഎ പറഞ്ഞു.

 


അതേസമയം നഗരസഭ തന്നെ സമര പ്രഖ്യാപനമായി മുന്നോട്ടുപോകുന്നതിൽ എംഎൽഎ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത് സംബന്ധമായി സ്ഥലം എംഎൽഎ എന്ന നിലയ്ക്ക് തന്നോട് ആരും വിവരങ്ങൾ തേടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നിലവിലുള്ള യാത്രാ ബുദ്ധിമുട്ടുകൾ എല്ലാവരും മനസ്സിലാക്കണമെന്നും നിർമ്മാണം വേഗം പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കാൻ വേണ്ട സഹായസഹകരണങ്ങൾ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് എം ഫൈസൽ, സെക്രട്ടറി ജയേഷ് ഗായത്രി, എൻ സി മുസ്തഫ എന്നിവരും സംബന്ധിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe