പയ്യോളിയില്‍ ദേശീയപാതയോരത്തെ കടകളുടെ ലൈസൻസ് കൂട്ടത്തോടെ റദ്ദാക്കി; ഇന്ന് നഗരസഭാ ഓഫീസ് മാർച്ചും 12 മണി വരെ ഹർത്താലും

news image
Nov 22, 2021, 12:03 am IST

പയ്യോളി:  ദേശീയപാത വികസനത്തിന്റെ പേരിൽ പയ്യോളി ടൗണില്‍ ഏറ്റെടുക്കേണ്ടിവരുന്ന  കെട്ടിടങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങളുടെയും ലൈസൻസ് പയ്യോളി നഗരസഭ ഒറ്റയടിക്ക് റദ്ദാക്കി. സ്പെഷ്യല്‍ തഹസിൽദാർ ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി എന്നാണ് വ്യാപാരികൾക്ക് ലൈസൻസ് റദ്ദാക്കി കൊണ്ടുള്ള നോട്ടീസിൽ പറയുന്നത്.

നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ തിങ്കളാഴ്ച  പയ്യോളി നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 9 മുതല്‍ 12 മണിവരെ പ്രതിഷേധ സൂചകമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും.  ദേശീയപാത അതോറിറ്റി ഉൾപ്പെടെ ഒരു സർക്കാർ ഏജൻസിയിൽ നിന്നും ഇതുവരെ രേഖപ്രകാരം യാതൊരുവിധ അറിയിപ്പും കട ഒഴിയുന്നത് സംബന്ധമായി ലഭിക്കാത്ത സാഹചര്യത്തിൽ പയ്യോളി നഗരസഭ മുന്നറിയിപ്പില്ലാതെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ കനത്ത പ്രതിഷേധത്തിലാണ് വ്യാപാരികൾ.

കോഴിക്കോട് ജില്ലയിലെ ഒരു തദ്ദേശസ്ഥാപനവും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. 2022 മാർച്ച് 31 വരെ കച്ചവടം ചെയ്യാൻ ഉള്ള ലൈസൻസ് ആണ് 14 ദിവസത്തെ നോട്ടീസ് പോലും നൽകാതെ പയ്യോളി നഗരസഭ റദ്ദാക്കിയത്. ഇതോടെ നോട്ടീസ് ലഭിച്ച വ്യാപാരികൾ അനധികൃത കച്ചവടക്കാരായി മാറിയെന്നും ഈ നടപടി പിൻവലിച്ച് മാന്യമായി വ്യാപാരം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ച എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തുന്നത്.  മാർച്ചിനോടനുബന്ധിച്ച് വ്യാപാരികൾക്ക് നഗരസഭ നൽകിയ നോട്ടീസ് കത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.  പയ്യോളി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് രാവിലെ 10ന് ആരംഭിക്കുന്ന മാർച്ചിൽ ടൗണിലെ മുഴുവൻ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.

 

ദേശീയപാത വികസന ത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരിക്ക് രണ്ട് ലക്ഷം രൂപയും സ്ഥാപനത്തിലെ തൊഴിലാളിക്ക് 6000 രൂപ വീതം ആറുമാസത്തേക്ക് 36,000 രൂപ യും നേരത്തെ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫണ്ട് ലഭ്യമല്ലെന്ന കാരണം പറഞ്ഞു ഒരു രൂപ പോലും നൽകാതെയാണ് പല സ്ഥലങ്ങളിലും വ്യാപാരികൾ കുടിയൊഴിപ്പിക്കപ്പെട്ടത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജില്ലയിൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥലമാണ് പയ്യോളി. ദേശീയപാതയുടെ ഇരുവശത്തുമായി 150ലേറെ വ്യാപാര സ്ഥാപനങ്ങളാണ് ഒഴിപ്പിക്കപെടുക.

ഇവയില്‍ ഉടമകൾ നേരിട്ട് കച്ചവടം ചെയ്യുന്നതോ മേൽ വാടകയ്ക്ക് നൽകിയതോ ആയ കടകൾ പൊളിച്ചു നീക്കുന്ന പ്രവർത്തി നടക്കുന്നുണ്ട്. അർഹതപ്പെട്ട വ്യാപാരികളിൽ ഒരാൾക്കെങ്കിലും പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ആയ രണ്ട് ലക്ഷം രൂപ നൽകണമെന്നാണ് വ്യാപാരികളുടെ  ഏറ്റവും ഒടുവിലത്തെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ പറയുന്നു.

കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് നഗരസഭാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് മനാഫ് കാപ്പാട് മാർച്ച് ഉദ്ഘാടനം ചെയ്യും. വടകര മര്‍ച്ചന്‍റ് അസോസിയേഷൻ പ്രസിഡന്റ് എം അബ്ദുൽസലാം, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ സുകുമാരൻ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് കെ.സൗമിനി എന്നിവർ സംസാരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe