പയ്യോളി : ലക്ഷക്കണക്കിന് രൂപ വിലയുള്ള റെയിൽവേയുടെ ഇരുമ്പ് വസ്തുക്കൾ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്ന് കണ്ടെത്തി. പയ്യോളി ബീച്ച് റോഡിലെ ലയൺസ് ക്ലബ്ബിന് എതിർവശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെ ആക്രി ശേഖരത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
റെയിൽവേയുടെ വസ്തുക്കൾ കാണാതാകുന്നു എന്ന ജീവനക്കാരുടെ പരാതിയില്‍ ചെന്നൈയിൽ നിന്നുള്ള റെയിൽവേ സംരക്ഷണ സേനയുടെ പ്രത്യേക അന്വേഷണസംഘം രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്.
വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സ്റ്റോർ മുറിയിൽ കാർബോർഡ് കൊണ്ട് പൊതിഞ്ഞ നിലയിൽ ആയിരുന്നു റെയിൽവേയുടെ വിലപിടിപ്പുള്ള ഇരുമ്പ് ഉരുക്ക് വസ്തുക്കൾ. ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടെത്താൻ കഴിയാത്ത ഇവ കാർബോർഡ് കീറി പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞ നിലയിൽ അടുക്കിവെച്ചത് കണ്ടത്. പിന്നീട് വീടിനു ചുറ്റും നടത്തിയ പരിശോധനയിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് കുപ്പികൾക്ക് അടിയിലായി ഒളിപ്പിച്ചുവച്ച നിലയിൽ കൂടുതൽ വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു.
വലിയ ചാക്കുകൾ നിറച്ച് സൈക്കിളിൽ കുപ്പികൾ ശേഖരിക്കുന്നു എന്ന വ്യാജേനെ ഇരുമ്പും ഒരുക്കും ഉൾപ്പെടുന്ന റെയിൽവേയുടെ വസ്തുക്കൾ തിക്കോടി ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചെന്നൈയിൽ നിന്നുള്ള ആർ പി എഫ് സംഘവും റെയിൽവേ ജീവനക്കാരും സ്ഥലത്ത് പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ റെയിൽവേ പോലീസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എത്ര രൂപയുടെ വസ്തുക്കൾ ആണ് കണ്ടെടുത്തത് എന്ന പരിശോധന സ്ഥലത്ത് നടക്കുന്നുണ്ട്. റെയിൽവേയുടെ പാളത്തിന്റെ ഭാഗങ്ങൾ അല്ലാതെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട വസ്തുക്കളും ഇവർ തന്നെ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് കെഎസ്ഇബിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ഉള്ളതായി സംശയിക്കുന്നുണ്ട്. പയ്യോളിക്ക് സമീപമുള്ള ആക്രിസാധനങ്ങൾ ശേഖരിക്കുന്ന രണ്ടിടങ്ങളിൽ കൂടി പരിശോധന നടത്തുന്നുണ്ട്.