പയ്യോളിയിൽ കുഞ്ഞിന്റെ പാദസരം കവർന്നു; നിറയെ യാത്രക്കാരുമായി ബസ് പോലീസ് സ്റ്റേഷനിൽ

news image
Feb 4, 2023, 12:33 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി ബസ്റ്റാൻഡിൽ നിന്ന് ബസ്സ് കയറുന്നതിനിടെ കുഞ്ഞിന്റെ സ്വർണ പാദസരം മോഷ്ടാവ് കവർന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. വടകര പേരാമ്പ്ര റൂട്ടിൽ ഓടുന്ന ബസ്സിലായിരുന്നു മോഷണം. പയ്യോളി ബിസ്മി നഗര്‍ സ്വദേശിയായ  മാതാവ് പേരാമ്പ്രയിലേക്ക് പോവുന്നതിനായാണ് ബസ്സില്‍ കയറിയത്. ഇവരുടെ കയ്യില്‍ എടുത്തിരുന്ന മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ സ്വർണ്ണ പാദസരമാണ് നഷ്ടപ്പെട്ടത്. അരപ്പവനോളം തൂക്കം വരുന്ന പാദസരമാണിതെന്ന് പരാതിയില്‍ പറയുന്നു.

കുഞ്ഞിന്റെ കാലിൽ മുറിവുണ്ടായെന്നും കുഞ്ഞു ഉറക്കെ കരഞ്ഞതിനാലാണ് ശ്രദ്ധിച്ചത് എന്നും മാതാവ് പറഞ്ഞു. ഇതോടെ മുഴുവൻ യാത്രക്കാരുമായി ബസ് സ്റ്റേഷനിലേക്ക് പോകണമെന്ന് ഇവർ ആവശ്യപ്പെട്ടു. വൈകുന്നേരത്തെ തിരക്കുള്ള സമയമായതിനാൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

പയ്യോളി സ്റ്റേഷനിലെ വനിതാ പോലീസ് അടക്കമുള്ളവർ യാത്രക്കാരെ ചോദ്യം ചെയ്തു. ബസ്സിൽ ഉണ്ടായിരുന്ന നാല് അതിഥി തൊഴിലാളികളെ വിശദമായി പരിശോധിക്കുകയും ചെയ്തു.

പയ്യോളിയിൽ നിന്ന് കയറിയ പുരുഷ യാത്രക്കാരിൽ ഒരാളാണ് സ്വർണം കവർന്നതെന്ന പരാതിയെ തുടർന്ന് അവരുടെ പേരും മൊബൈൽ നമ്പറുകളും ശേഖരിച്ചു. തുടർന്ന് അരമണിക്കൂർ നേരത്തെ അന്വേഷണങ്ങൾക്ക് ശേഷം ബസ് വിട്ടയച്ചു. മാതാവിന്റെ പരാതി ലഭിച്ചശേഷം വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. അതേ സമയം മോഷ്ടാവ് സ്വര്‍ണ്ണം എവിടെയെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ദയില്‍പ്പെട്ടാല്‍ പോലീസില്‍ വിവരം നല്‍കണമെന്ന് മാതാവ് സൌജത്ത് അറിയിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe