പയ്യോളി സ്വദേശിയായ യുവാവിനെ സൌദിയില്‍ കാണാതായിട്ട് ഒരാഴ്ചയാവുന്നു

news image
Oct 31, 2013, 10:04 pm IST payyolionline.in

പയ്യോളി:  പാസ്പോര്‍ട്ടിലെ മേല്‍വിലാസം മാറ്റാനായി എംബസിയില്‍ പോയി തിരിച്ചു വരുന്നതിനിടയില്‍ യുവാവിനെ  കാണാതായതായി പരാതി. ഇക്കഴിഞ്ഞ 23 നാണ് പയ്യോളി ബീച്ചിലെ പടിഞ്ഞാറെ മൂപ്പിച്ചതില്‍ മുഹമ്മദ്‌ കുട്ടി- ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ ആരിഫി (45) നെയാണ് സൌദിഅറേബ്യയിലെ ജിദ്ദയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാമദ്ധ്യേ കാണാതായത്. ബുറൈദയിലെ അല്‍ ശാമില്‍ ഇരുപത് വര്‍ഷമായി ഒരു ക്രോക്കറി സ്ഥാപനത്തില്‍ സൈല്‍സ്മാനായി  ജോലി നോക്കുകയായിരുന്നു ഇയാള്‍. പാസ്സ്പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ തിരുത്തല്‍ വരുത്താനായി ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് നല്‍കാനായി ആരിഫ് പോയിരുന്നു. തുടര്‍ന്ന് നാല്‍പത്തിയഞ്ചു ദിവസം കഴിഞ്ഞു വരാന്‍ എംബസി അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദയിലുള്ള സുഹൃത്തിന്റെ വസതിയില്‍ ഒരു ദിവസം താമസിച്ച ശേഷമാണ് ആരിഫ്‌ മദീനയിലേക്ക് തിരിച്ചത്. മദീനയിലേക്ക് ബസ്സില്‍ പോയതായതാണ് സുഹൃത്ത് നല്‍കുന്ന വിവരം. ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ മൊബൈലില്‍ വിളിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് സുഹൃത്തുക്കള്‍ ബന്ധുക്കളെ അറിയിച്ചു.

ഉരുക്കുചാലില്‍ കുഞ്ഞാലിക്കുട്ടിയുടെ മകള്‍ സാബിറയാണ് ഭാര്യ. ഹാസ്സിന (17), മുഹമ്മദ്‌ ഷാഫി(10), ഹബീബ (6) എന്നിവരാണ് മക്കള്‍. വിദേശകാര്യമന്ത്രി ഇ.അഹമ്മദ് സാഹിബ്‌, പ്രവാസി കാര്യമന്ത്രി, സ്ഥലം എം.പി.കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സൌദി എംബസി എന്നിവര്‍ക്കെല്ലാം സാബിറ പരാതി നല്‍കിയിട്ടുണ്ട്. മേലടി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.വി.അബ്ദുള്‍അസീസിന്റെ മരുമകളാണ് സാബിറ. മുഹമ്മദ്‌ അബ്ദുറബ്ബ് ഇബ്നു ഷാഹൂന്‍ ആണ് ആരിഫിന്റെ സ്പോണ്‍സര്‍.

സൌദിയില്‍ നിന്ന് കാണാതായ മുഹമ്മദ്‌ ആരിഫ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe