ദില്ലി: ബ്രിജ് ഭൂഷണെതിരെയുള്ള പരാതി അട്ടിമറിക്കാൻ ശ്രമമെന്ന് സാക്ഷി മാലിക്. പോലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിൻ്റെ നിലപാട് സംശയകരമാണ്. നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഫലമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണെതിരായ കേസിൽ പരാതിക്കാരുടെ മൊഴി ദില്ലി പോലീസ് ഇതുവരേയും രേഖപ്പെടുത്തിയിട്ടില്ല. ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്ന് താരങ്ങൾ പറഞ്ഞു. ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷണിൻ്റെ വാദവും താരങ്ങൾ തള്ളി. 2012 ൽ ലക്നൗ ക്യാമ്പിലെ അതിക്രമ പരാതി പോലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ മന്ത്രി അനുരാദ് ഠാക്കൂർ ശ്രമിക്കുന്നു. പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും താരങ്ങൾ പറഞ്ഞു.
പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കും. ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. തുക്കഡെ തുക്കഡെ ഗ്യാങ്, ഹഹീൻ ബാഗ്, കർഷക സമര സംഘങ്ങളാണ് താരങ്ങളുടെ സമരത്തിന് പിന്നിൽ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷൺ മുമ്പ് പറഞ്ഞിരുന്നു. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ തയ്യാറല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു. പിന്നീട് ലൈംഗികാരോപണം ഉയർത്തി. സമിതി റിപ്പോർട്ട് സമർപ്പിക്കും മുമ്പ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. രാജിവെക്കാൻ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.