പരിശോധന വൈകിയാല്‍ മായം അറിയില്ല; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി മന്ത്രി

news image
Jan 16, 2023, 7:42 am GMT+0000 payyolionline.in

കൊല്ലം∙ ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിലെ പരിശോധനയിൽ ക്ഷീര വികസന വകുപ്പ് പിടികൂടിയ പാലില്‍ മായമുണ്ടായിരുന്നില്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് തള്ളി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പിന്റെ പരിശോധനാഫലം കൃത്യമാണ്. ആറുമണിക്കൂറിനകം പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ല. പരിശോധനാ റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.

 

തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നു പന്തളം ഇടപ്പോണിലേക്ക് കൊണ്ടുവന്ന 15,300 ലീറ്റർ പാൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ക്ഷീരവികസന വകുപ്പ് ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബിലെ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉള്ളതായി തെളിഞ്ഞില്ല. അഞ്ചു മണിക്കൂർ കഴിഞ്ഞ് സാംപിൾ പരിശോധന നടത്തിയതാണ് മായം കണ്ടെത്താൻ സാധിക്കാത്തതിനു കാരണമെന്ന് ക്ഷീരവികസന വകുപ്പ് പറയുന്നു.

പാലിൽ മായം കണ്ടപ്പോൾത്തന്നെ ക്ഷീര വികസന വകുപ്പ് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിച്ചെങ്കിലും 4 മണിക്കൂർ വൈകിയാണ് എത്തിയത്. ആര്യങ്കാവിൽ നിന്നും സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും വീണ്ടും 5 മണിക്കൂർ വൈകി. ഇത്രയും വൈകിയതാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കാതെ വന്നതിന് പിന്നിലെന്നാണ് ക്ഷീര വികസന വകുപ്പിന്റെ വാദം. പാൽ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാനാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe