തിരുവനന്തപുരം: ഭാര്യയെ തിളച്ച എണ്ണ ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനൽ (47) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സനൽ മദ്യപിച്ച് വന്ന് ഭാര്യ നയനയുമയി വഴക്കുണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്തും മറ്റ് ശരീര ഭാഗത്തും പ്രതി അടുപ്പിലിരുന്ന തിളച്ച എണ്ണ എടുത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നയന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളറട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മൃദുൽ കുമാർ, സബ് ഇൻസ്‌പെക്ടർ ആന്റണി ജോസഫ് നെറ്റോ, എ.എസ്.ഐ. അജിത്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ കുമാർ, ഷൈനു, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.