കോഴിക്കോട്∙ പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. കോഴിക്കോടാണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഇരുപത്തിമൂന്നുകാരൻ പയ്യാനിക്കൽ സ്വദേശി ഫാരിസ് റഹ്‌മാനാണ് പൊള്ളലേറ്റത്. സാരമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കൈയ്ക്കും കാലിനും പൊള്ളലേറ്റ യുവാവ് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.
ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഫാരിസ് റഹ്മാൻ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ് പോക്കറ്റിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചത്. ഓഫിസിലെത്തിയ ശേഷം മുഖം കഴുകാനായി പോയപ്പോൾ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. പാന്റിന്റെ പോക്കറ്റിന്റെ ഭാഗം കത്തിയ നിലയിലാണ്. ഫോണിന്റെ ബാറ്ററിക്കു തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടും സമാനമായ അപകടം നടന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് അന്നത്തെ പൊട്ടിത്തെറിയില്‍ മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഫോണിൽ വിഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കുട്ടി തൽക്ഷണം മരിച്ചു.