‘പാറമേക്കാവ് ദേവസ്വംസെക്രട്ടറി ഭീഷണിപ്പെടുത്തി’; ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ കോടതി നിയോഗിച്ച അമിക്കസ്ക്യൂറി

news image
Apr 23, 2024, 6:39 am GMT+0000 payyolionline.in

എറണാകുളം: തൃശൂർ പൂരത്തിനുള്ള ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ആനകളുടെ അടുത്ത് നിന്നും പാപ്പാന്മാരെ പിൻവലിച്ചതിനാൽ സംഘത്തിന്‍റെ  ജീവന് തന്നെ ഭീഷണി ഉണ്ടായെന്നാണ് അമിക്കസ് ക്യൂറി ടി സി സുരേഷ് മേനോന്‍റെ  റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ഹൈക്കോടതി വൈകാതെ പരിഗണിക്കും.

തൃശൂർ പൂരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലും ഹൈക്കോടതി ഇടപെട്ടതിനെ  പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രൂക്ഷമായി വിമർശിച്ചെന്നാണ് അമിക്കസ്ക്യൂറി റിപ്പോർട്ടിലുള്ളത്. ഹൈക്കോടതിക്ക് ഏത് ഉത്തരവ് വേണമെങ്കിലും പാസാക്കമെന്നും അത് അനുസരിക്കില്ലെന്നുമാണ് അദ്ദേഹം മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ പറഞ്ഞത്. ഭീഷണിയുടെ സ്വരമായിരുന്നു അദ്ദേഹത്തിന്.  പാറമേക്കാവ്  ദേവസ്വത്തിന്‍റെ  ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച സംഘം എത്തിയപ്പോൾ രാജേഷും ദേവസ്വത്തിലെ മറ്റ് ഭാരവാഹികളും സഹകരിച്ചില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ആനകളെയും പരിശോധിക്കാൻ കഴിഞ്ഞില്ല. മൃഗസംരക്ഷണ വകുപ്പ്  ആനകളെ പരിശോധിച്ചതാണെന്നായിരുന്നു ദേവസ്വത്തിന്‍റെ  ന്യായീകരണം. ചെറിയ  സ്ഥലത്ത് നിർത്തിയിരുന്ന ആനകളുടെ സമീപത്ത് നിന്ന് പാപ്പാൻമാരെ  പിൻവലിച്ചതിനാൽ പരിശോധനക്കെത്തിയ സംഘത്തിന്‍റെ  ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.

മാത്രമല്ല വർക്ക് രജിസ്റ്ററും  മൂവ്മെൻ്റ് രജിസ്റ്ററുമില്ലാതെയാണ് പൂരത്തിന് ആനകളെ കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു  നാട്ടാന പരിപാലനത്തിനുള്ള ചട്ടപാലനത്തിന്  ആവശ്യമായ നിർദേശങ്ങൾ നൽകാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി നിർദേശിക്കുന്നുണ്ട്. ആന ഉടമകൾക്ക് ചികിത്സാവിവരങ്ങളൾ രേഖപ്പെടുത്താനുള്ള ഇൻസ്പെക്ഷൻ ബുക്ക് നൽകണം. ആനയെ എങ്ങോട്ട് കൊണ്ട് പോവുമ്പോഴും  മൂവ്മെന്റ് രജിസ്റ്ററും വർക്ക്  രജിസ്റ്ററും ഒപ്പം കരുതണമെന്നും വിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദേശങ്ങളിലുണ്ട്.  തൃശ്ശൂര്‍ പൂരം പോലെയുള്ള വലിയ പരിപാടികൾക്ക് ചുരുങ്ങിയത് 24 മണിക്കൂ‍ര്‍ മുമ്പ് ആനകളെ എത്തിച്ചാലേ പരിശോധനകൾ കൃത്യമായി നടത്താനാവൂ എന്നും റിപ്പോർട്ടില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe