പാലക്കാട്ടെ കൈക്കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

news image
Feb 19, 2024, 4:25 pm GMT+0000 payyolionline.in

ഷൊർണൂർ : പാലക്കാട് ഒരുവയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്ത്‌ വീട്ടിൽ ശിൽപ്പ(29)യെ അറസ്റ്റ് ചെയ്തു. ശനി പുലർച്ചെയാണ് സംഭവം. ഒരു വയസ്സുള്ള മകൾ ശിഖന്യയെയാണ് മാവേലിക്കരയിലെ വാടകവീട്ടിൽവച്ച്‌ ശിൽപ്പ കൊലപ്പെടുത്തിയത്‌.

ജോലിക്ക് പോകുന്നതിന്‌ കുഞ്ഞ്‌ തടസമായതിനാലാണ് കൊലപാതകമെന്ന് ശിൽപ്പ പൊലീസിന്‌ മൊഴിനൽകി. ശനി രാവിലെ ഒമ്പതിന്‌ മരിച്ച കുഞ്ഞുമായി ശിൽപ്പ കാറിൽ ഷൊർണൂരിലെത്തി. ഭർത്താവ് അജ്മൽ ജോലി ചെയ്യുന്ന ഷൊർണൂരിലെ അനുരാഗ് സിനിമാ തിയറ്ററിലേക്കാണ്‌ വന്നത്‌. കുഞ്ഞ് അനങ്ങാത്തതിൽ സംശയം തോന്നിയ അജ്മൽ ഷൊർണൂർ പൊലീസിൽ വിവരം അറിയിച്ചു. ഉടൻ ആശുപത്രിയിലെത്തിക്കാൻ പൊലീസ് നിർദേശിച്ചു. കുഞ്ഞുമായി ഇവർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. ഡോക്ടറുടെ പരിശോധനയിൽ കുഞ്ഞ്‌ മരിച്ചതായി അറിയിച്ചു. ഉടൻ ശിൽപ്പയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ഒരു ചെവിയിൽ ചെറിയ മുറിവുണ്ടായിരുന്നതൊഴികെ വേറെ പാടുകളില്ലായിരുന്നു. ശിൽപ്പയെ ആദ്യം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമാണ് കേസിൽ വഴിത്തിരിവായത്.

രണ്ടു വർഷംമുമ്പാണ്‌ അജ്‌മലുമായി ശിൽപ്പയുടെ പ്രണയ വിവാഹം നടന്നത്. ആറുമാസമായി പിരിഞ്ഞുതാമസിക്കുകയാണ്. ഇപ്പോൾ കുട്ടിയെ കാണാൻ പോകുന്നതൊഴികെ ശിൽപ്പയുമായി ബന്ധമില്ലെന്ന് അജ്മൽ പറഞ്ഞു. ശനി പുലർച്ചെ 3.18ന് അജ്‌മലിന്റെ മൊബൈലിലേക്ക് ‘മോളു മരിച്ചു ഞാൻ കൊന്നു’ എന്ന ശിൽപ്പയുടെ വാട്‌സാപ്‌ സന്ദേശം വന്നിരുന്നു. ശിൽപ്പ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡിവൈഎസ്‌പി പി സി ഹരിദാസൻ, സിഐ ജെ ആർ രഞ്ജിത്കുമാർ, എസ്ഐ കെ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe