പാലക്കാട് ഒലവക്കോടിൽ രാത്രിയില്‍ ഗൃഹനാഥനെ കുത്തിവീഴ്ത്തി; രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ

news image
May 9, 2023, 6:51 am GMT+0000 payyolionline.in

പാലക്കാട്∙ ഒലവക്കോടിൽ ഗൃഹനാഥനെ കുത്തിവീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ ഒലവക്കോട് സ്വദേശി സെന്തിൽകുമാർ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്.

വൃന്ദയെയും ജോമോളെയും രാത്രിയിൽ വീടിനു സമീപമുള്ള വഴിയിൽ സംശയാസ്പദമായി കണ്ടത് സെന്തിൽകുമാർ ചോദ്യം ചെയ്തു. പ്രകോപിതരായ ഇരുവരും ചേർന്ന് സെന്തിൽകുമാറിനെ ക്രൂരമായി മർദിച്ചു. അടിച്ചു വീഴ്ത്തിയ ശേഷം ഇരുവരും ആക്രമണം തുടർന്നു. ഇതിനിടയിൽ വൃന്ദ കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തിയുമായി സെന്തിൽകുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സെന്തിൽകുമാറിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. പിന്നാലെ വൃന്ദ ഓടി രക്ഷപ്പെട്ടു. ജോമോളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

വൃന്ദ പിന്നീട് ട്രെയിൻ മാർഗം ഒലവക്കോടുനിന്നും കടന്നെങ്കിലും ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കി ടൗൺ നോർത്ത് പൊലീസും പിന്തുടർന്നു. കൊല്ലത്തു നിന്നാണ് വൃന്ദയെ പൊലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ സെന്തിൽകുമാറിനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനാൽ പരുക്ക് ഗുരുതരമായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെന്തിൽകുമാർ അപകടനില തരണം ചെയ്തിട്ടില്ല. പിടിയിലായ ട്രാൻസ്ജെൻഡറുകൾ സമാനമായ ആക്രമണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe