പാലത്തില്‍‍ വിള്ളല്‍: കുതിരാനില്‍ അറ്റകുറ്റപ്പണി തുടങ്ങി

news image
Sep 18, 2021, 8:49 pm IST

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലെ വിള്ളല്‍ അടയ്ക്കാന്‍  അറ്റകുറ്റപ്പണി  തുടങ്ങി. വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാതയിൽ കുതിരാനിലെ ഇടതുതുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലാണ് കഴിഞ്ഞ ദിവസം വിള്ളലുണ്ടായത്‌.  സ്‌പാൻ  സ്ലാബുകള്‍ തമ്മിൽ ചേരുന്നിടത്ത്‌ ടാർ അടർന്നാണ്  വിള്ളല്‍ രൂപപ്പെട്ടത്.

സ്‌പാൻ സ്ലാബുകൾ  ചേരുന്നിടത്ത്‌ വിള്ളലുണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ ഭാഗങ്ങളും പൊളിച്ചു പണിയേണ്ടിവരും.  ജൂലൈ 31-ന് കുതിരാൻ തുരങ്കം  തുറക്കുന്നതിനുമുമ്പ് പാലത്തിലെ ഒരുഭാഗത്തെ നാല് സ്ലാബ്‌ ജോയിന്റ്‌ പൊളിച്ചുപണിതിരുന്നു.   11 ജോയി​ന്റാണ്‌ പാലത്തിലുള്ളത്.  പണി തീരുന്നതുവരെ  പാലത്തിലൂടെ ഗതാഗതം ഒരുവശത്തുകൂടി ക്രമീകരിച്ചു.

തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിന്‌ പീച്ചി റിസർവോയറിന് കുറുകെയാണ് രണ്ട് പാലം നിർമിച്ചത്. ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ ഇരുപാലങ്ങളിലുമായി 32 സ്ഥലത്ത് പൊളിച്ചുപണിതു. പാലങ്ങളിലൂടെ വാഹനങ്ങൾ  പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതിനാല്‍ സ്ലാബ്‌ജോയിന്റ്‌ പൊളിച്ച് ഇരുമ്പ് പട്ടകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe