പാവപ്പെട്ടവരോടൊപ്പമാണ് സർക്കാരെന്ന് അദാലത്തുകൾ തെളിയിക്കുന്നുവെന്ന് വി. ശിവൻകുട്ടി

news image
May 9, 2023, 9:42 am GMT+0000 payyolionline.in

തിരുവനന്തപുരം : സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന സന്തോഷത്തിലാണ് സർക്കാരെന്ന് മന്ത്രി വി. ശിവൻകുട്ടി. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാർ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിന്റെ വർക്കല താലൂക്കുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

പുതിയ അപേക്ഷകളിൽ 15 ദിവസത്തിനകം പരിഹാരം കാണും. പുതിയ പരാതികൾ സമർപ്പിക്കാൻ പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്. അദാലത്തിനെത്തിയ അവസാനയാളിന്റെയും പരാതികൾ തീർപ്പാക്കും. ജനങ്ങൾക്ക് ആശ്വാസമാകുന്ന നിലപാടുകളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന വകുപ്പുകളിൽ, അവ തീർപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, താലൂക്കുകളിലെ അദാലത്തിൽ നിരവധി പേരുടെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

വർക്കല എസ്. എൻ കോളജിൽ നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ. വി. ജോയ് അധ്യക്ഷനായിരുന്നു. ഒ. എസ് അംബിക എം.എൽ.എ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എ.ഡി.എം അനിൽ ജോസ് ജെ, സബ് കലക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe