പാർലമെന്റിൽ പ്രതിഷേധം തുടരും; പ്രതിപക്ഷ അഭാവത്തിൽ 6 ബില്ലുകൾ അജണ്ടയിലുൾപ്പെടുത്തി സർക്കാർ

news image
Dec 19, 2023, 4:17 am GMT+0000 payyolionline.in

ദില്ലി : സുരക്ഷാ വീഴ്ചയില്‍ ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെന്‍റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭാ അധ്യക്ഷന്മാർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നുമാണ് ബിജെപി വാദം. പാർലമെൻറ് അതിക്രമം അന്വേഷിക്കുന്ന സമിതി സഭയ്ക്കകത്ത് തെളിവെടുപ്പ് നടത്തി.സുരക്ഷ ഉദ്യോഗസ്ഥരുടെ മൊഴിയും സമിതി രേഖപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഇന്ന് ആറ് ബില്ലുകൾ സർക്കാർ അജണ്ടയിലുൾപ്പെടുത്തി. എല്ലാ എംപിമാരെയും സസ്പെൻഡ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം. നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷനെന്ന് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. പ്രതിഷേധം അവഗണിച്ചത് കൊണ്ടാണ് സ്പീക്കറുടെ ഡയസിൽ കയറിയതെന്ന് തമിഴ്നാട് എംപി കെ ജയകുമാർ പറഞ്ഞു.

പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78  എംപിമാരെയാണ് ഇന്നലെ കൂട്ടമായി സസ്പെൻഡ് ചെയ്തത്. സുരക്ഷ വീഴ്ചയില്‍ അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് ലോക്സഭയിലും രാജ്യസഭയിലും എംപിമാരെ ഇന്നും കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ സസ്പെന‍ഷനിലായ  പ്രതിപക്ഷ എംപിമാരുടെ എണ്ണം 92 ആയി.

പാര്‍ലമെന്‍റ് ചരിത്രത്തിലെ ഞെട്ടിക്കുന്ന നടപടിക്കും ജനാധിപത്യത്തിലെ കറുത്ത ദിനത്തിനുമാണ് ഇന്നലെ സാക്ഷിയായത് . ലോക് സഭയില്‍  33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യുന്നു. പിന്നാലെ രാജ്യസഭയില്‍ 45 പേരെയും സസ്പെൻഡ് ചെയ്യുന്നു.

പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭാ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. കേരളത്തില്‍ നിന്ന് എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്‍റോ ആന്‍റണി, കെ മുരളീധരന്‍, ഇടി മുഹമ്മദ് ബഷീര്‍ , ബിനോയ് വിശ്വം , ജോണ്‍ബ്രിട്ടാസ്, ജെബി മേത്തര്‍, സന്തോഷ് കുമാര്‍, എഎ റഹിം എന്നിവരേയും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിനെയും സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവര്‍ക്കെതിരായ തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും. കഴിഞ്ഞയാഴ്ച ലോക് സഭയിലും രാജ്യസഭയിലുമായി 14 പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലോടും, ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സിആര്‍പിസി, ഐപിസി,എവിഡന്‍സ് ആക്ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോഴാണ് എംപിമാര്‍ പ്രതിഷേധം തുടര്‍ന്നത്. പ്രതിപക്ഷത്തെ കൂട്ടത്തോടെ പുറത്താക്കുമ്പോള്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരം കൂടി സര്‍ക്കാരിന് കൈവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe