കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറുവയസ്സുകാരനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതികരണമറിയിച്ച് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. എന്തായാലും നടന്നത് കേരളത്തിന്റെ സംസ്കാരമല്ല. അങ്ങനെ കൊച്ചുകുട്ടികളെയൊന്നും കാറിൽ ചാരി നിന്നതിന്റെ പേരിൽ ആർക്കും ഉപദ്രവിക്കാനുള്ള അധികാരവും അവകാശവുമൊന്നുമില്ല. വി ശിവൻകുട്ടി പ്രതികരിച്ചു.
സംഭവത്തിൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി. സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. കാറിൽ ചാരി നിന്നതിനെ തുടർന്നാണ് മുഹമ്മദ് ഷിനാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനായ ഗണേഷ് ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്. പിന്നാലെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവ അഭിഭാഷകനാണ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.