പുട്ടിനെ വധിക്കാൻ ശ്രമം; കൊട്ടാരം യുക്രെയ്ൻ ആക്രമിച്ചുവെന്ന് റഷ്യ

news image
May 3, 2023, 2:11 pm GMT+0000 payyolionline.in

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വധിക്കാൻ യുക്രെയ്ൻ നീക്കം നടത്തിയെന്ന ആരോപണവുമായി റഷ്യ. യുക്രെയ്ൻ വിക്ഷേപിച്ച രണ്ട ഡ്രോണുകൾ വെടിവച്ചിട്ടെന്നും റഷ്യ അറിയിച്ചു. ക്രെംലിനിലെ പുട്ടിന്റെ കൊട്ടാരത്തിനു പുറകിൽനിന്നു പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വിഡിയോയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയിട്ടില്ല.

ക്രെംലിനെ ലക്ഷ്യമാക്കിയാണ് രണ്ടു ഡ്രോണുകളും എത്തിയതെന്ന് റഷ്യൻ സുരക്ഷാ അധികൃതർ അറിയിച്ചു. പ്രസിഡന്റിനെ വധിക്കാനുള്ള ഭീകരാക്രമണമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ക്രെംലിനിൽ യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്നും പുട്ടിൻ സുരക്ഷിതനാണെന്നും അറിയിച്ചു. സംഭവത്തിനു പിന്നാലെ, അനുമതിയില്ലാതെ ഡ്രോണുകൾ പറത്തരുതെന്ന് മോസ്കോ മേയർ ഉത്തരവിറക്കി.

അതേസമയം, മേയ് 9ന് വിക്ടറി പരേഡ് പതിവുപോലെ നടത്തുമെന്നും ക്രെംലിൻ അറിയിച്ചു. യുക്രെയ്നിൽനിന്നു ഭീഷണി വർധിച്ചതോടെ വികട്റി പരേഡ് നടത്തുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. നാത്സികളെ പരാജയപ്പെടുത്തിയതിന്റെ ഓർമയായാണ് റഷ്യ വിക്ടറി പരേഡ് നടത്തുന്നത്.

റഷ്യൻ എനർജി, ലൊജിസ്റ്റിക്, സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻപ് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാൻ യുക്രെയ്ൻ ഇതുവരെ തയാറായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe