പുതിയ ഐപിഎൽ ടീമുകള്‍ 2022ലെന്ന് റിപ്പോർട്ട്

news image
Dec 7, 2020, 9:17 pm IST

അടുത്ത വർഷം പുതിയ ഐപിഎൽ ടീം എന്ന റിപ്പോർട്ടുകളെ തള്ളി പുതിയ റിപ്പോർട്ട്. അടുത്ത വർഷത്തെ ഐപിഎലിലേക്ക് ഇനി അധിക സമയമില്ലെന്നും അതുകൊണ്ട് തന്നെ പുതിയ ടീം ഉൾപ്പെടുത്തുക ബുദ്ധിമുട്ടാവുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്തു. 2022ൽ പുതിയ ടീമെന്ന ആശയം പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“2021ലാണ് സ്റ്റാറുമായുള്ള സംപ്രേഷണക്കരാർ അവസാനിക്കുക. അത് അവസാനിച്ചു കഴിഞ്ഞ് പുതിയ ടീമുകളെ ഉൾപ്പെടുത്തുകയാണ് നല്ലത്. അങ്ങനെയാണെങ്കിലേ സംപ്രേഷണ കരാറും മറ്റും വർധിപ്പിക്കാൻ സാധിക്കൂ. വാഷിക ജനറൽ ബോഡി മീറ്റിംഗിലേ അവസാന തീരുമാനം എടുക്കൂ. മാത്രമല്ല, 10 ടീമുകൾ എന്നാൽ ലീഗ് മത്സരങ്ങൾ തന്നെ 94 എണ്ണമാകും. അതിന് ദീർഘമായ വിൻഡോ വേണം. ഇപ്പോഴത്തെ അവസ്ഥയിൽ അത്രയധികം മത്സരങ്ങൾ ബുദ്ധിമുട്ടാണ്.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അടുത്ത വർഷം 10 ടീമുകളാക്കി ലീഗ് അധികരിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് കേന്ദീകരിച്ച് ഒരു ടീം ഉറപ്പായെന്നുമാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. ഡിസംബർ 24നു നടക്കുന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ഇത് തീരുമാനിക്കപ്പെടുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും പുതിയ ടീമുകളെ വാങ്ങിയേക്കുമെന്നാണ് നേരത്തെ സൂചന ഉണ്ടായിരുന്നത്. അഹ്മദാബാദ് കേന്ദ്രീകരിച്ചുള്ള ടീം അദാനിയുടെ ഉടമസ്ഥതയിലാവുമെന്നാണ് സൂചന. രണ്ട് സീസണുകളിൽ ഐപിഎൽ കളിച്ച റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ഫ്രാഞ്ചൈസി ഉടമകളായിരുന്ന ആർപിജിഎസ് ഗ്രൂപ്പ് ഉടമയാണ് ഗോയങ്ക. അതുകൊണ്ട് തന്നെ ഗോയങ്കയ്ക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe