പുതിയ പാഠ്യപദ്ധതി നിലപാട്‌ രേഖ 31ന്‌ ; പുതിയ പാഠപുസ്‌തകം അടുത്ത വർഷം

news image
Jan 19, 2023, 4:15 am GMT+0000 payyolionline.in

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം ചട്ടക്കൂടിനുള്ള നിലപാട്‌ രേഖ 31 ന്‌ പ്രസിദ്ധീകരിക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്‌ പാഠ്യപദ്ധതി നവീകരണം ജനകീയ ചർച്ചയ്‌ക്ക്‌ വിധേയമാക്കിയത്‌. കരിക്കുലം ചട്ടക്കൂടിനുള്ള ഓരോ വിഷയത്തിലെയും നിലപാട്‌ രേഖ (പൊസിഷൻ പേപ്പർ ) തയ്യാറാക്കുന്നത്‌ ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്‌. സ്‌കൂൾ കുട്ടികളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടായിരുന്നു തുടക്കം.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ മുന്നോടിയായി എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരം ജനകീയ ചർച്ച സംഘടിപ്പിച്ചത്‌. 26 വിഷയാധിഷ്‌ഠിത മേഖലകളുടെ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ച്‌ എസ്‌സിഇആർടി തയ്യാറാക്കിയ ജനകീയ ചർച്ചയ്ക്കുള്ള കുറിപ്പാണ്‌ ചർച്ച ചെയ്‌തത്‌. മന്ത്രി വി ശിവൻകുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കോർപറേഷൻ മേയർമാരുടെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റുമാരുടെയും മുനിസിപ്പൽ ചെയർമാൻമാരുടെയും കലക്ടർമാരുടെയും യോഗം വിളിച്ച്‌ പരിഷ്‌കരണം വിശദീകരിച്ചു. സ്‌കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു.

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ടെക് പ്ലാറ്റ്‌ഫോം ഒരുക്കി. ലോകത്തിന്റെ ഏത് കോണിൽനിന്നും പാഠ്യപദ്ധതി പരിഷ്‌കരണ അഭിപ്രായങ്ങൾ രേഖപ്പെടുത്താമായിരുന്നു. നിലപാട്‌ രേഖ അടിസ്ഥാനമാക്കി കരിക്കുലം ചട്ടക്കൂട് മാർച്ച്‌ 31 ന് പ്രസിദ്ധീകരിക്കും.

പുതിയ പാഠപുസ്‌തകം അടുത്ത വർഷം
പാഠ്യപദ്ധതി പരിഷ്കരിച്ചുള്ള പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് കരിക്കുലം കമ്മിറ്റി–- – പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗം അംഗീകാരം നൽകി. പ്രീസ്കൂൾ, 1,3,5,7,9 എന്നീ ക്ലാസുകളിൽ 2024–-25 അക്കാദമിക വർഷവും 2,4,6,8,10 ക്ലാസുകൾക്ക് 2025–-26 അക്കാദമിക വർഷവും പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരും. മാർച്ച്‌ 31 ന് കരിക്കുലം ചട്ടക്കൂട്‌ പ്രസിദ്ധീകരിക്കും. ഏപ്രിലിൽ ടെക്‌സ്‌റ്റ്‌ ബുക്ക്‌ രചന ആരംഭിക്കും. ആദ്യഘട്ട ടെക്‌സ്‌റ്റ്‌ബുക്ക് രചന ഒക്ടോബർ 31 നകം പൂർത്തിയാക്കും. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe