പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

news image
Jan 28, 2022, 1:37 pm IST payyolionline.in

ബെയ്ജിങ് : കോവിഡ് മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുന്നതിനിടയില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്.

 

അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ‘നിയോകോവ്’ പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകും.

നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ മാത്രമാണു പടര്‍ന്നിരിക്കുന്നതും. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.

 

ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. അതുകൊണ്ടു തന്നെ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്സീന്‍ സംരക്ഷണത്തിനോ കഴിയില്ലെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷക ചൂണ്ടിക്കാട്ടുന്നത്. അതിവ്യാപനശേഷിയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe