പുനർഗേഹത്തിൽ കോഴിക്കോട്‌ 2609 കുടുംബങ്ങൾക്ക്‌ വീടൊരുങ്ങും; അന്തിയുറക്കം ആധിയില്ലാതെ

news image
May 9, 2023, 11:21 am GMT+0000 payyolionline.in

കോഴിക്കോട്‌ > കടൽപ്പേടിയില്ലാതെ അന്തിയുറങ്ങാൻ തീരദേശ ജനതക്കായി പ്രഖ്യാപിച്ച പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ മാറ്റിതാമസിപ്പിക്കേണ്ടത്‌ 2609 കുടുംബങ്ങളെ. കടലോരത്തെ വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ്‌ ഫിഷറീസ് വകുപ്പ്‌ വീട് നിർമിച്ചുനൽകുന്നത്. മൂന്ന്‌ സെന്റ്‌ വാങ്ങി വീട്‌ പണിയുന്നതിന്‌ 10ലക്ഷം രൂപയാണ്‌ അനുവദിക്കുക. 291 കുടുംബങ്ങളാണ്‌ പദ്ധതിയിൽ ഇതുവരെ സന്നദ്ധത അറിയിച്ചത്‌.

കടലേറ്റംമൂലം കാലാകാലങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ജീവിതനിലവാരംതന്നെ മാറ്റുന്നതാണ്‌ പദ്ധതി. വർഷത്തിൽ പലതവണ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയേണ്ടിവരുന്ന ദുരവസ്ഥയാണ്‌ പദ്ധതി പൂർത്തിയാവുന്നതോടെ ഇല്ലാതാവുക. കാലവർഷത്തിൽ വീട്‌ കടലെടുക്കുമെന്ന ആധി വിട്ടൊഴിയുന്ന പദ്ധതിക്ക്‌ അനുയോജ്യമായ സ്ഥലത്ത്‌ കുറഞ്ഞ വിലയ്‌ക്ക്‌ ഭൂമി ലഭിക്കാത്തതാണ്‌ പ്രധാന പ്രതിസന്ധി.

മൂന്ന്‌ സെന്റ്‌ വാങ്ങാൻ ആറുലക്ഷവും വീട്‌ നിർമിക്കുന്നതിന്‌ നാലുലക്ഷവുമാണ്‌ സർക്കാർ അനുവദിക്കുക. തൊഴിലിന്‌ പ്രയാസം ഉണ്ടാകാത്ത രീതിയിൽ തീരദേശത്തോട്‌ ചേർന്ന്‌ ഭൂമി കണ്ടെത്താൻ കഴിയാത്തതിനാലാണ്‌ കൂടുതൽ കുടുംബങ്ങൾ പുനർഗേഹത്തിന്‌ താൽപ്പര്യപ്പെടാത്തത്‌.

ഇതിനകം 55 കുടുംബങ്ങളാണ്‌ പദ്ധതിപ്രകാരം താമസം മാറിയത്‌. 118 കുടുംബങ്ങളുടെ ഭൂമി രജിസ്‌ട്രേഷൻ പൂർത്തിയായി. 101 കുടുംബങ്ങൾ തറ പൂർത്തിയാക്കി. 95 കുടുംബങ്ങൾ ലിന്റൽവരെ പൂർത്തിയാക്കി. 88 വീടുകൾ കോൺക്രീറ്റ്‌ ഉൾപ്പെടെ പിന്നിട്ടു. 80 കുടുംബങ്ങൾ വീട്‌ പൂർത്തിയാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്‌.

കലക്‌ടർ അധ്യക്ഷനായ സമിതിയാണ്‌ ഗുണഭോക്താവ്‌ കണ്ടെത്തിയ ഭൂമിയുടെ വിലനിർണയം നടത്തുക. പദ്ധതി പ്രകാരമുള്ള ഭൂ രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമാക്കിയിട്ടുണ്ട്‌. ഓരോ സാമ്പത്തിക വർഷവും നിശ്ചിത കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലക്ഷ്യം പൂർത്തിയാക്കുക. 2021-22 സാമ്പത്തിക വർഷം ജില്ലയിൽ 10.61 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വർഷം 8.16 കോടി രൂപയും വിനിയോഗിച്ചു.

വെസ്‌റ്റ്‌ ഹില്ലിൽ പുനർഗേഹം പദ്ധതി പ്രകാരമുള്ള ഫ്ലാറ്റ്‌ നിർമാണം പ്രാരംഭഘട്ടത്തിലാണ്‌. പുനർഗേഹത്തിന്‌ പുറമേ വിവിധ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾക്കും ഫിഷറീസ് വകുപ്പ് ധനസഹായം കൈമാറി. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം 5.43 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത്. മെയ് മുതൽ സെപ്‌തംബർവരെ കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ തൊഴിൽദിനങ്ങൾ നഷ്ടമായ 15,040 മത്സ്യത്തൊഴിലാളികൾക്കും 2489 അനുബന്ധ തൊഴിലാളികൾക്കും 3000 രൂപ വീതം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe