പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ച പ്രതികള്‍ മുമ്പും മൃഗങ്ങളെ വേട്ടയാടിയവർ

news image
Jan 23, 2021, 11:07 am IST

മാങ്കുളം: പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ച സംഘം മുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെ മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

വിനോദിന്റെ കൃഷിയിടത്തിലാണ് പുലിക്കുവേണ്ടി കുടുക്കുവെച്ചത്. കെണിയില്‍വീണ പുലിയെ കൊന്ന് ഇറച്ചിയാക്കി ഭക്ഷിച്ചു. തോലും പല്ലും നഖവും വില്പനയ്ക്ക് മാറ്റി. ഇറച്ചി വീതംവെച്ചു. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ തോലും പല്ലും ഇറച്ചിയുടെ ബാക്കിഭാഗവും വനംവകുപ്പ് കണ്ടെത്തി.

ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടെന്നാണ് പറയുന്നത്. ഒന്നാംപ്രതി വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe