പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം: പഞ്ചാബ് മുഖ്യമന്ത്രി

news image
Apr 21, 2023, 1:04 pm GMT+0000 payyolionline.in

ദില്ലി: പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്. ആകെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർക്ക് സൈന്യം അന്തിമോപചാരം അർപ്പിച്ചു. രജൗരിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. ഭൗതിക ശരീരം സ്വദേശത്തേക്ക് ഇന്ന് തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകും. സംഭവത്തിൽ ബിഎസ്എഫ് അടിയന്തര യോഗം ചേർന്നു. ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തിൽ ജമ്മുവിലാണ് യോഗം ചേർന്നത്. ഡിജി ജമ്മുവിൽ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തിൽ വിലയിരുത്തി.

വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവിടെ വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കി. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. അന്വേഷണം തുടങ്ങിയ എൻഐഎ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. ജമ്മു കശ്മീർ ഡിജിപിയും സ്ഥലം സന്ദർശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി.

അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണത്തിൽ സമഗ്രഅന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഭവത്തിലെ സുരക്ഷ വീഴ്ച്ച പരിശോധിക്കണമെന്ന് നാഷണൽ കോൺഫറസ് നേതാവ് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ബിജെപിയുടെ പരാജയപ്പെട്ട കശ്മീർ നയമാണ് ആക്രണത്തിന് കാരണമെന്ന് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്ത്യയിൽ എത്തുമെന്ന സ്ഥിരീകരണം ഇന്നലെ വന്നിരുന്നു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe