പൂഞ്ച് ഭീകരാക്രമണം: 12 പേർ കസ്റ്റഡിയിൽ, ചൈനീസ് വെടിയുണ്ടകൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ

news image
Apr 22, 2023, 3:57 am GMT+0000 payyolionline.in

ദില്ലി : പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർത്തുവെന്നാണ് എൻഐഎ അന്വേഷണത്തിലെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ ഭീകരർ എണ്ണത്തിൽ കൂടുതലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതോടൊപ്പം സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരർ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പൂഞ്ചിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സൈനികരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഇന്നലെ രജൗരിയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. ശേഷം രാത്രിയോടെ ഭൗതിക ശരീരം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ തുടരുന്നുണ്ട്. വനമേഖലയിലെ ഗുഹകളിൽ ഇവർ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe