പെട്രോള്‍ പമ്പുകളിലെ സുരക്ഷ:അഗ്നിരക്ഷ ഉപകരണങ്ങളില്‍ പരിജ്ഞാനം ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം

news image
Apr 30, 2023, 3:12 am GMT+0000 payyolionline.in

തേഞ്ഞിപ്പലം: പെട്രോള്‍ പമ്പുകളില്‍ അഗ്നിരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ സ്ഥാപന ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പരിജ്ഞാനമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. തീപിടിത്തമുണ്ടാകുന്ന ഘട്ടങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കൂടുതല്‍ നാശനഷ്ടം തടയാനുമാണ് സര്‍ക്കാറിന്റെ ആവര്‍ത്തിച്ചുള്ള ഇടപെടല്‍. ഒട്ടുമിക്ക പെട്രോള്‍ പമ്പുകളിലും കൂടുതല്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് ജോലിക്കുള്ളത്. ഇവര്‍ക്കെല്ലാം സ്ഥാപന ഉടമകള്‍ ഫയര്‍ഫോഴ്‌സ് സഹായത്തോടെ അഗ്നിരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പല പെട്രോള്‍ പമ്പുകളിലും മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷസംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരിജ്ഞാനമില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ദേശീയതലത്തില്‍ ഫയര്‍ ഡേ ആചരിച്ച ഏപ്രില്‍ 14ന് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഫയര്‍ഫോഴ്‌സ് പെട്രോള്‍ പമ്പുകളിൽ പരിശോധനയും ബോധവത്കരണവും നടത്തിയിരുന്നു. ഈ പരിശോധനയില്‍ സുരക്ഷസംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിജ്ഞാനമില്ലാത്തവര്‍ക്ക് ഫയര്‍ഫോഴ്‌സ് പരിശീലനവും നല്‍കിയിരുന്നു.

പെട്രോള്‍ പമ്പുകളിലെയും കെട്ടിടങ്ങളിലെയും അഗ്നിരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങളില്‍ അവബോധമുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ടെന്നും താനൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ എം. രാജേന്ദ്രനാഥ് പറഞ്ഞു. എന്നാല്‍, പൂർണതയിലെത്തിയിട്ടില്ലെന്നും അതിനാല്‍, കര്‍ശന നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍ പമ്പുകളിലെയും കെട്ടിടങ്ങളിലെയും അഗ്നിരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച് രണ്ടു വര്‍ഷത്തിലൊരിക്കലാണ് ഫയര്‍ഫോഴ്‌സ് സുരക്ഷനിര്‍ദേശം നല്‍കുന്നത്. എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം നിശ്ചിത കാലയളവില്‍ പെട്രോള്‍ പമ്പുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡെമോണ്‍സ്‌ട്രേഷൻ നടത്തണം. കെട്ടിടങ്ങളിലെയും പെട്രോള്‍ പമ്പുകളിലെയും അഗ്നിരക്ഷ സംവിധാനങ്ങളുടെ ലൈസന്‍സ് വര്‍ഷം തോറും പുതുക്കണം. ഇക്കാര്യങ്ങളില്‍ പരിശോധനയും നടപടികളും കര്‍ശനമാക്കുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe