‘പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതെ ആണ്‍മക്കൾ കൈയടക്കുകയാണോ’: സ്വത്ത് വീതം വെപ്പ്, വടകരയിൽ നടന്ന സ്വത്ത് വീതംവെപ്പിനെതിരായ ഹർജിയിൽ  സുപ്രീംകോടതി നോട്ടീസ്

news image
Mar 17, 2023, 9:39 am GMT+0000 payyolionline.in

ദില്ലി: ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍  വടകരയിൽ നടന്ന സ്വത്ത് വീതംവെപ്പിനെതിരായ ഹർജിയിൽ  സുപ്രീംകോടതി നോട്ടീസ്. വടകരയിലെ ഒരു കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വീതം വെച്ചതിനെതിരെ മകൾ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

 

വടകര സ്വദേശിയായ പിതാവിന് ഏഴ് ആൺമക്കളും അഞ്ച് പെൺമക്കളുമാണുള്ളത്. നിലവിൽ മുംബൈയിൽ താമസിക്കുകയാണ് ഹർജിക്കാരിയായ ബുഷറ അലി എന്ന യുവതി. എന്നാൽ സ്വത്ത് വീതം വെപ്പിൽ തുല്യാവകാശം നൽകിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. 1937-ലെ ശരിഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതം വയ്ക്കലില്‍ ലിംഗ സമത്വം ഇല്ലെന്നാണ് ബുഷറ അലിയുടെ വാദം. ആണ്‍ മക്കള്‍ക്ക് സ്വത്ത് ഉള്ളത് പോലുള്ള തുല്യ അവകാശം കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും ബുഷറ അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ബിജോ മാത്യു ജോയ്, മനു കൃഷ്ണന്‍ എന്നിവര്‍ വാദിച്ചു. എന്നാല്‍ ബുഷറയ്ക്ക് സ്വത്ത് നല്‍കിയിട്ടുണ്ടെന്ന് എതിര്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി എസ് സുല്‍ഫിക്കര്‍ അലി, കെ കെ സൈദാലവി എന്നിവര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

 

എന്നാൽ വാദത്തിനിടെ പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതെ ആണ്‍മക്കള്‍ സ്വത്ത് കൈയടക്കുക ആണോയെന്ന് എന്ന നീരീക്ഷണം
ജസ്റ്റിസ് കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിൽ നിന്നുണ്ടായി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി, കേസിലെ എതിർകക്ഷികളായ സഹോദരങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. കേസില്‍ തത്സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശം നൽകി. ശരീഅത്ത് നിയമ പ്രകാരം മുസ്ലിം കുടുംബങ്ങളില്‍ നടപ്പാക്കുന്ന പിന്തുടര്‍ച്ചാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജിക്കൊപ്പം ഈ കേസ് പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതിന് തയ്യാറായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe