പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സത്യവാങ്മൂലം

news image
Jun 3, 2024, 3:47 pm GMT+0000 payyolionline.in

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു.

പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും നിലനിർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. 2017 ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ്  ജലസേചന വകുപ്പിനെതിരായ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആരോപണങ്ങൾ.

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയെന്നാണ് ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe