പെരുവണ്ണാമൂഴി സപ്പോർട്ട് ഡാം നിർമാണം : ടെൻഡറിന് അംഗീകാരം

news image
Nov 30, 2021, 11:11 am IST payyolionline.in

പേരാമ്പ്ര : കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാൻ സപ്പോർട്ട് ഡാം നിർമിക്കുന്നതിനുള്ള ടെൻഡറിന് അംഗീകാരം. 35.14 കോടിയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തി 29.13 കോടിക്കാണ് മഹാരാഷ്ട്രയിലെ ബാലാജി കൺസ്ട്രക്‌ഷൻ കരാറെടുത്തത്. കേന്ദ്ര ജലകമ്മിഷൻ അംഗീകാരം ലഭിച്ചതോടെ ജലസേചനവിഭാഗം അധികൃതരുമായി കരാറുകാരൻ എഗ്രിമെന്റ് ഒപ്പുവെച്ചു.

 

 

 

കഴിഞ്ഞവർഷം സെപ്‌റ്റംബറിൽ ജലസേചനവിഭാഗം കണ്ണൂർ സർക്കിൾ ഓഫീസിൽനിന്ന് ആദ്യം ടെൻഡർ ക്ഷണിച്ചപ്പോൾ പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ രണ്ടുപേർ പങ്കെടുത്തിരുന്നുവെങ്കിലും യോഗ്യരായവരുണ്ടായിരുന്നില്ല. തുടർന്ന് ഇത് റദ്ദ് ചെയ്ത് വീണ്ടും ടെൻഡർ നടത്തുകയായിരുന്നു. ലോകബാങ്ക് സഹായധനത്തോടെയുള്ള ഡാം റീഹാബിലിറ്റേഷൻ ആൻഡ്‌ ഇപ്രൂവ്മെന്റ്‌ പ്രോജക്ടിൽ (ഡ്രിപ്പ്) ഉൾപ്പെടുത്തിയാണ് പ്രവൃത്തി. രണ്ട് വർഷത്തിനകം പൂർത്തീകരിക്കണം.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതിക്ക് അംഗീകാരം കിട്ടി കഴിഞ്ഞ വർഷം ടെൻഡർ നടപടികളിലേക്ക് കടന്നത്. പദ്ധതി സമർപ്പിച്ച് കേന്ദ്ര ജലകമ്മിഷന്റെ അനുമതി ലഭിക്കാനും താമസമുണ്ടായിരുന്നു. ജലസേചന വകുപ്പിന് കീഴിലുള്ള ഇറിഗേഷൻ ഡിസൈൻ ആൻഡ്‌ റിസേർച്ച് ബോർഡ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കിയത്. നിലവിലെ ഡാമിന്റെ സ്പിൽവേക്ക് മുന്നിലായാണ് സപ്പോർട്ടിങ്‌ പില്ലറുകൾ നിർമിക്കുക. കനാലിലേക്ക് വെള്ളം ഒഴുക്കി വിടുന്ന ഭാഗത്തുള്ള നിർമാണ പ്രവൃത്തികളും ഇതിന്റെ ഭാഗമായി വരും.

1962-ൽ നിർമാണം തുടങ്ങിയതാണ് കുറ്റ്യാടി ജലസേചന പദ്ധതി. 1973-ലാണ് ഭാഗികമായി കമ്മിഷൻ ചെയ്തത്. 1993-ൽ പൂർണമായി ജലവിതരണം തുടങ്ങി. 1988-ൽ തന്നെ കേന്ദ്ര ജലകമ്മിഷൻ (സി.ഡബ്ല്യു.സി.) സംഘം ഡാം പരിശോധിച്ചപ്പോൾ ബലക്കുറവുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ചോർച്ചയുമുണ്ടെന്ന് കണ്ടെത്തി. ഇതിനാൽ ഡാം ബലപ്പെടുത്താനുള്ള പണികളും സുരക്ഷ വർധിപ്പിക്കാൻ സപ്പോർട്ടിങ്‌ ഡാം നിർമാണവും വേണമെന്ന് കമ്മിഷൻ നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe