പേവിഷ ബാധയേറ്റ് ഹരിപ്പാട് 8 വയസ്സുകാരന്‍റ മരണം; കുട്ടിക്ക് വാക്സിൻ നൽകിയില്ല, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

news image
May 31, 2024, 3:41 pm GMT+0000 payyolionline.in

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസ്സുകാരൻ മരിച്ചതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധക്ക് കുത്തിവെയ്പ്പ് എടുക്കാൻ ഡോക്ടർമാർ തയ്യാറാകാത്തതാണ് ദേവനാരായണന്‍റെ മരണത്തിനിടയാക്കിയതെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ മാസം 21ന്  നായയുടെ കടിയേറ്റ   ദേവനാരായണൻ ഇന്നലെയാണ്  മരിച്ചത്. എന്നാൽ ചികിത്സാ പിഴവെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.

വീട്ടിന് മുന്നല് ദേവനാരായണന് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന കൂട്ടുകാരനെയും അമ്മയേയും തെരുവ്നായ ആക്രമിക്കാൻ പോകുന്നത് കുട്ടി കണ്ടു. കയ്യിലിരുന്ന പന്ത് കൊണ്ട് നായയെ എറിഞ്ഞു. ഇതോടെ, നായ ദേവനാരായണന്റെ നേര്‍ക്ക് ചാടി വീണു. ഓടി രക്ഷപ്പെടുന്നതിനിടെ സമീപത്തെ  ഓടയിൽ വീണ് പരിക്കേറ്റു. അപ്പോള്  തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.  എന്നാല്‍ നായ കടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാല്‍ വീഴ്ചയില്‍ ഉണ്ടായ പരുക്കിന് മരുന്ന് വച്ച ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയായിരുന്നു. രണ്ടുവട്ടം ഡോക്ടർമാരെ കണ്ടിട്ടും കുത്തിവെയ്പ് നൽകിയില്ലെന്ന് കുട്ടിയുടെ മുത്തച്ഛൻ കുറ്റപ്പെടുത്തി.

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വയറിന്റെ താഴ്ഭാഗത്ത് ഒരു പാടുണ്ടായിരുന്നു. ഇത് നായ ആക്രമിച്ചതാണെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ കല്ല് കൊണ്ടാതായിരിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും വേണ്ട ചികിത്സയോ പരിചരണമോ കുട്ടിക്ക് ലഭ്യമായില്ലെന്ന് കുടുംബം പറയുന്നു. വേദന സംഹാരി ഗുളിക നൽകി കുട്ടിയെ പറഞ്ഞുവിടുകയായിരുന്നു.  നാല് ദിവസം മുമ്പ് ദേവനാരായണന്ന ശ്വാസ തടസവും ശാരീരിക അസ്വസ്ഥതകളും നേരിട്ടു. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്  വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് പേവിഷബാധ സ്ഥിരീകരിച്ചു.

പിന്നാലെ രോഗം മൂർച്ഛിച്ചു. ഇന്നലെ രാവിലെ 11.45 ഓടെയാണ് ദേവനാരായണൻ മരണപ്പെടുന്നത്. അതേസമയം ചികിത്സാ പിഴവുമൂലമാണ് എട്ടുവയസുകാരൻ മരിച്ചതെന്ന ആരോപണം ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ നിഷേധിച്ചു. കുട്ടിയെ കൊണ്ടുവന്നത് വീണ് പരിക്കേറ്റു എന്ന നിലയിലാണ്. നായയുടെ കാര്യം ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്നും  മെഡിക്കൽ രേഖകളിൽ ഇത് വ്യക്തമാണെന്നും ഡോ. സുനിൽ പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനാണ് കുട്ടിയുടെ കുടുംബത്തിന്‍റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe