പോപുലർ ഫ്രണ്ട് നേതാക്കളുടെ റിമാൻഡ് അഞ്ച് ദിവസം കൂടി നീട്ടി

news image
Sep 26, 2022, 12:47 pm GMT+0000 payyolionline.in

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത 19 പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ റിമാൻഡ് അഞ്ച് ദിവസം കൂടി നീട്ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെ ലക്ഷ്യമിട്ട് എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡ് നടത്തിയത്. റെയ്ഡിന് പിന്നാലെയാണ് കേരളത്തിൽ നേതാക്കളടക്കം 19 പേരെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് ഭീകരപ്രവർത്തനത്തിന് പിന്തുണ നൽകുന്നുവെന്നാരോപിച്ച് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡും അറസ്റ്റും നടന്നത്. കേരളത്തിനു പുറമെ 14 സംസ്ഥാനങ്ങളിൽ എൻ.ഐ.എയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) നടത്തിയ പരിശോധനയിൽ 106 പേർ പിടിയിലായി.

എൻ.ഐ.എയുടെ കൊച്ചി ഓഫിസിൽ രജിസ്റ്റർ ചെയ്ത കേസിൽ നജ്മുദ്ദീൻ, ടി.എസ്. സൈനുദ്ദീൻ, യഹ്യ കോയ തങ്ങൾ, കുഞ്ഞാപ്പു എന്ന കെ. മുഹമ്മദലി, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കരമന അശ്റഫ് മൗലവി, സാദിഖ് അഹ്മദ്, ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് എന്നീ 11 പേരാണ് അറസ്റ്റിലായത്. ഇവരിൽ 10 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ദേശീയ പ്രസിഡൻറ് ഒ.എം.എ. സലാം, വൈസ് പ്രസിഡന്‍റ് ഇ.എം. അബ്ദുറഹ്മാൻ, സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് ബഷീർ, കെ.പി. ജസീർ, കെ.പി. ഷഫീഖ്, ഇ. അബൂബക്കർ, പ്രഫ. പി. കോയ എന്നിവരെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തി ഡൽഹിയിലെത്തിച്ചത്.

പോപുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും തീവ്രവാദ പ്രവർത്തനത്തിന് പണമിറക്കിയെന്നും ആയുധ പരിശീലനം നടത്തിയെന്നും നിരോധിത സംഘടനകളിൽ ചേരുന്നതിന് ആളുകളെ തീവ്രവാദിയാക്കിയെന്നുമാണ് എൻ.ഐ.എ ആരോപണം. കൂടാതെ, പ്രഫസറുടെ കൈവെട്ടിയ കേസ്, മറ്റ് മതങ്ങളിലെ സംഘടനയിലുള്ളവരെ കൊലപ്പെടുത്തൽ, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമാക്കി സ്ഫോടക വസ്തുക്കൾ ശേഖരിക്കൽ, ഐ.എസിന് പിന്തുണ നൽകൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ഏർപ്പെട്ടതായും ആരോപിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe