പേ വിഷവാക്സിന്‍റെ ഗുണനിലവാരം; റിപ്പോര്‍ട്ട് തേടി കേന്ദ്രം, നടപടി കേരളം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍

news image
Sep 13, 2022, 9:21 am GMT+0000 payyolionline.in

ദില്ലി: പേ വിഷവാക്സിന്‍റെ ഗുണനിലവാരത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രം. ഡ്രഗ്സ് കണ്ട്രോളർ ജനറലിനോടാണ് അന്തിമ റിപ്പോർട്ട് തേടിയത്. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചത്. പേവിഷബാധ പ്രതിരോധ വാക്‌സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ആശങ്കയകറ്റാൻ അതിവേഗ പരിശോധന വേണമെന്ന് ആരോഗ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ച് പേര്‍ക്കും നല്‍കിയത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe