‘പൊതുമുതൽ നശിപ്പിച്ചവ‍ര്‍ക്കെതിരെ കേസെടുക്കണം, മിന്നൽ ഹ‍ത്താൽ നിയമവിരുദ്ധം’; കോടതിയലക്ഷ്യം: ഹൈക്കോടതി

news image
Sep 23, 2022, 6:12 am GMT+0000 payyolionline.in

കൊച്ചി : എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന  മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മിന്നൽ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

 

ഹ‍ര്‍ത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണം. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്ടെ വിശദാംശങ്ങൾ അറിയിക്കണമെന്നും  കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ആക്രമണങ്ങൾ തടയാനുള്ള നടപടികൾ വേണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമരങ്ങൾ നടത്തുന്നതിനെയല്ല കോടതി എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കിയ ജയശങ്കരൻ നമ്പ്യാർ, നിയാസ് റഹ്മാൻ അടങ്ങിയ ഡിവിഷൻ ബെഞ്ച്, ഇത്തരം മിന്നൽ ഹ‍ര്‍ത്താലുകളെയും ആക്രമണങ്ങൾക്കെതിരെയുമാണ് നടപടി ആവശ്യപ്പെടുന്നതെന്നും നിര്‍ദ്ദേശിച്ചു.

 

കടുത്ത വിമ‍ര്‍ശനങ്ങളാണ് വാദത്തിനിടെ കോടതിയിൽ നിന്നും ഉണ്ടായത്. ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുല‍ര്‍ ഫ്രണ്ട് ഹർത്താൽ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും വാദത്തിനിടെ വ്യക്തമാക്കി. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹ‍ര്‍ത്താൽ ദിനത്തിൽ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികൾ നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. കല്ലേറിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്ആ‍ര്‍ടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. അമ്പതോളം ബസുകളുടെ ചില്ല് തകർന്നു. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ണൂർ വളപട്ടണത്തും പത്തനംതിട്ടയിലും യാത്രക്കാർക്ക് പരിക്കേറ്റു. കെഎസ്ർആർടിസി പലയിടത്തും സർവീസുകൾ നിർത്തി. പൊലീസ് സംരക്ഷണത്തോടെ മാത്രം സർവീസുകൾ മതിയെന്നാണ് യൂണിറ്റുകൾക്ക് ലഭിച്ച നിർദേശം.

കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe