പൊലീസിനെ കബളിപ്പിച്ച് റാണ; പൊലീസ് മുകളിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെട്ടു

news image
Jan 9, 2023, 5:23 am GMT+0000 payyolionline.in

കൊച്ചി∙ കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിനെത്തിയെ പൊലീസിനെ വെട്ടിച്ചു വ്യവസായി പ്രവീണ്‍ റാണ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു നാടകീയമായി മുങ്ങി. ഇന്നു പുലര്‍ച്ചെ തുശൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. പൊലീസ് മുകളിലേക്കു കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേയ്ക്ക് ഇറങ്ങി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

 

കാറില്‍ തൃശൂര്‍ ഭാഗത്തേയ്ക്കു പോയ ഇയാളുടെ വാഹനം ചാലക്കുടിയില്‍ എത്തിയെങ്കിലും ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ല. അങ്കമാലിയില്‍ ഇയാള്‍ ഇറങ്ങിയതായാണ് വിവരം. സുഹൃത്തുക്കൾക്കൊപ്പമാണ് ഫ്‌ലാറ്റില്‍ നിന്നു രക്ഷപെട്ടത്. അതേ സമയം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന റാണയുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു ദിവസമായി റാണയെ കണ്ടെത്താന്‍ പൊലീസ് ബെംഗളുരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലവിരിച്ചിരുന്നു. രാജ്യം വിടാന്‍ ശ്രമം നടക്കുന്നതിനാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.

ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വച്ച് ഏകദേശം നൂറുകോടി രൂപ പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കണക്ക്. സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ചിട്ടി കമ്പനി നടത്തിയായിരുന്നു തട്ടിപ്പ്. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയാണ് കെ.പി. പ്രവീണ്‍ എന്ന പ്രവീണ്‍ റാണ. എംബിഎ നേടിയ ശേഷം ഏഴു വര്‍ഷം മുമ്പാണ് സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സിയും ചിട്ടിക്കമ്പനിയും തുടങ്ങിയത്. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. കോടികള്‍ നിക്ഷേപമായി സ്വീകരിക്കുകയും ആദ്യ ഘട്ടത്തില്‍ കൃത്യമായ പലിശ നല്‍കുകയും ചെയ്തു. ഇതോടെ കൂടുതല്‍ പേര്‍ നിക്ഷേപവുമായി എത്തി.

എന്നാല്‍ ഒരു ഘട്ടത്തില്‍ പണം തിരികെ നല്‍കാതായതോടെ തട്ടിപ്പു മണത്ത നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിലായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പല നഗരങ്ങളില്‍ സിനിമ, ബിസിനസ്, രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഇയാളെ ചിലര്‍ സംരക്ഷിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. മുൻകൂർ ജാമ്യത്തിനായി പ്രവീൺ റാണ ശ്രമിച്ചേക്കുമെന്നു സൂചനയുണ്ടായെങ്കിലും കോടതിയെ സമ‍ീപിച്ചിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe