ദുബൈ: വനിത പൊലീസ് ഉദ്യോഗസ്ഥയായി വേഷം മാറിയെത്തി പണം കവര്‍ന്ന കേസില്‍ യുവാവിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ. ഒരു പ്രവാസിയുടെ പക്കല്‍ നിന്ന് 6700 ദിര്‍ഹമാണ് (1.39 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ പിടിച്ചുവാങ്ങിയത്. ദുബൈ പൊലീസിന്റെ ലോഗോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയായിരുന്നു തട്ടിപ്പ്.
പ്രവാസിയുടെ കഴുത്തില്‍ ഇടിക്കുകയും പഴ്സിലുണ്ടായിരുന്ന പണം കവരുകയും ചെയ്തതായി കേസ് രേഖകള്‍ പറയുന്നു. വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ചെത്തിയ ഇയാള്‍ പരാതിക്കാരന്റെ വാഹനത്തില്‍ കയറി മുന്‍ സീറ്റിലിക്കുകയായിരുന്നു. സ്ത്രീയുടെ വസ്ത്രം ധരിച്ച ഇയാള്‍ മുഖവും മറച്ചിരുന്നു. ദുബൈ പൊലീസിന്റെ ലോഗോ ഉള്ള വെള്ള നിറത്തിലെ കാര്‍ഡ് കാണിച്ചു. എന്നാല്‍ വാഹനത്തില്‍ കയറി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പുറത്തുവന്നതാവട്ടെ പക്ഷേ പുരുഷ ശബ്ദവും. പ്രദേശത്തെ ഇടുങ്ങിയ ചില റോഡുകളിലൂടെ വാഹനം ഓടിക്കാന്‍ നിര്‍ദേശിച്ച ഇയാള്‍ ഒടുവില്‍ പഴ്സ് പുറത്തെടുക്കാന്‍ നിര്‍ദേശിച്ചു. അതിലുണ്ടായിരുന്ന പണം മുഴുവന്‍ എടുത്ത ശേഷം പോകാന്‍ അനുവദിക്കുകയും ചെയ്തു.
ഭയം കാരണം മറ്റ് തിരിച്ചറിയല്‍ രേഖകളൊന്നും ചോദിച്ചില്ലെന്ന് പരാതിക്കാരന് പറഞ്ഞു. പരാതി ലഭിച്ചതനുസരിച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ തട്ടിപ്പിനിരയായ പ്രവാസി തിരിച്ചറിയുകയും ചെയ്തു. കേസ് അദ്യം പരിഗണിച്ച പ്രാഥമിക കോടതി ഇയാള്‍ക്ക് 6700 ദിര്‍ഹം പിഴയും രണ്ട് വര്‍ഷം തടവുമാണ് വിധിച്ചത്. പിന്നീട് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചു.