പോലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി

news image
Nov 23, 2020, 1:05 pm IST

കോഴിക്കോട് :  പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു.

 

ഈ സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരന്റെ വ്യക്തി സ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പൊലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകീർത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളും ഉൾപ്പെടെ നിർദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയ പ്രതിഷേധമാണ് സമൂഹത്തിൽ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികൾ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe