പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും മാറ്റണം; സോണിയാ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺ​ഗ്രസ്

news image
May 11, 2021, 9:39 am IST

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസിന്റെ കത്ത്.

യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത്. യുഡിഎഫ് കൺവീനറെ മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ജംബോ കെപിസിസിയും ഡിസിസികളും പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചുവിടണം തുടങ്ങിയവയാണ് കത്തിലെ മറ്റ് ആവശ്യങ്ങൾ.

നേതൃമാറ്റം എന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകളിലേക്ക് കോൺ​ഗ്രസ് നേതൃത്വം കടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലും തീരുമാനിച്ചത് നേതൃമാറ്റം പോലെയുള്ള കാര്യങ്ങൾ വളരെ ആലോചിച്ച് സാവധാനം മതി എന്നായിരുന്നു.

ഈ സാഹചര്യത്തിലാണ് സമ്മർദ്ദവുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ കത്തയച്ചിരിക്കുന്നത്. പുനസംഘടന നടത്തിയില്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe