പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനത്തിന് തെലങ്കാന മുഖ്യമന്ത്രി; പിണറായി വിജയനും റാലിയില്‍

news image
Jan 18, 2023, 2:23 am GMT+0000 payyolionline.in

തെലങ്കാന: തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനം നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്ന്  ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് ഖമ്മച്ച് മെഗാ റാലി നടക്കുക.  പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് ബിആ‌ർഎസ്സിന്‍റെ ശക്തിപ്രകടന റാലി എന്നത് ശ്രദ്ധേയമാണ്. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്‍റെ പാർട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ റാലിയിൽ പങ്കെടുക്കും. ഒരു പ്രാദേശികപാർട്ടിയെന്ന ഇമേജിൽ നിന്ന് മാറി, ദേശീയപാർട്ടിയാകാനൊരുങ്ങുന്ന ബിആർഎസ്സിന്‍റെ ആദ്യ ദേശീയ അജണ്ട യോഗത്തിൽ പ്രഖ്യാപിക്കും. നൂറേക്കറിലായാണ് ഖമ്മത്ത് മെഗാറാലിക്കുള്ള ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ റാലിയിൽ അണിനിരക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

 

അതേസമയം സുരക്ഷ മുന്നറിയിപ്പുകൾക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള യാത്രയെ സ്വീകരിക്കും. റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30 ന് ശ്രീനഗർ ഷെർ  ഇ  കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, എം.കെ സ്റ്റാലിൻ, ഉദ്ദവ് താക്കെറെയടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ഇടത് പാർട്ടികളിൽ സി പി ഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe