പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്. ആദ്യമായി നന്ദി പറയാൻ തോന്നിയതിന്‍റെ കാര്യ കാരണവും മന്ത്രി ഫേസ്ബുക്കിലൂടെ വിവരിച്ചു. കേരളത്തിന്‍റെ രണ്ട് അഭിമാന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞത് ചൂണ്ടികാട്ടിയാണ് എം ബി രാജേഷിന്‍റെ കുറിപ്പ്.
കേരളം മാതൃകയാണെന്ന് മോദി പറയുമ്പോൾ കേരളത്തിന്റെ ബദൽ നയങ്ങളും ബദൽ രാഷ്ട്രീയവും മാതൃകയാണ് എന്നുകൂടി അദ്ദേഹം സമ്മതിക്കുകയാണെന്നും ആ രാഷ്ട്രീയത്തെയും നയങ്ങളെയും ആസ്പദമാക്കിയുള്ള ഒരു ബദൽ ഇന്ത്യയിലാകെ ഉയർന്നുവരുമ്പോഴാണ് ഈ നേട്ടങ്ങൾ രാജ്യത്തിനുകൂടി സ്വന്തമാക്കാനാവുകയെന്നും രാജേഷ് കുറിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് കേരളത്തിന്റെ മികവും ബി ജെ പി മുന്നോട്ടുവെക്കുന്ന മാതൃകയുടെ പരാജയവും തുറന്നുകാണിക്കാനായി എന്നതിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന് നന്ദിയെന്നും എം ബി രാജേഷ് വ്യക്തമാക്കി.