പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായ പി.കെ. കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി

news image
Nov 29, 2013, 3:04 pm IST payyolionline.in

വടകര: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായ പി.കെ. കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വില്യാപ്പള്ളി യു.പി. സ്‌കൂളിനടുത്തുള്ള കൊല്ലറോത്ത് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകന്‍ കെ. വിജയകുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. ക്വിറ്റ് ഇന്ത്യാ സമരം ഉള്‍പ്പെടെ ദേശീയ സമരങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്ന കൃഷ്ണന് സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ താമ്രപത്രം ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ആന്ധ്രയിലെ ആലിപ്പുറം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മൂന്നുവര്‍ഷത്തോളം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയിരുന്ന പി.കെ. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു. നാട്ടിലെ പല പ്രശ്‌നങ്ങളിലും ഇടപെട്ട് ഒറ്റയാന്‍ സമരം നടത്തി പ്രശ്‌ന പരിഹാരം കാണാന്‍ അദ്ദേഹം പ്രത്യേക താത്പര്യമെടുത്തിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ.മാരായ സി.കെ. നാണു, കെ.കെ. ലതിക, വടകര നഗരസഭാധ്യക്ഷ പി.പി. രഞ്ജിനി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ പി.കെ. കൃഷ്ണദാസ്, മനയത്ത് ചന്ദ്രന്‍, കടമേരി ബാലകൃഷ്ണന്‍, ടി. കേളു, അച്യുതന്‍ പുതിയേടത്ത്, ടി.കെ. കുഞ്ഞിരാമന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. റീന, വടകര തഹസില്‍ദാര്‍ ടി. ജനില്‍കുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. അനുശോചന യോഗത്തില്‍ വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് നേതാവ് ടി. ഭാസ്‌കരന്‍, സി.പി. വിശ്വനാഥന്‍, പുത്തലത്ത് ഇബ്രാഹിം, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ടി.പി.മൂസ്സ, ബി.കെ. തിരുവോത്ത്, വി. ബാലന്‍, സി.കെ. ഗീത, അരീക്കല്‍ രാജന്‍, വി.കെ. സുബൈര്‍, കെ.കെ. കുമാരന്‍, ശ്രീജിത്ത് വള്ള്യാട്, ഇ. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe