തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയുടെ സ്വത്തുക്കൾ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. കഴിഞ്ഞ ദിവസം റാണയെ കസ്റ്റഡിയിൽ വാങ്ങി മൂന്ന് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വത്തുക്കളിലും പരിശോധന നടത്തിയത്.
രണ്ട് ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കി ചൊവ്വാഴ്ച റാണയെ വീണ്ടും ജയിലിൽ തിരികെ പ്രവേശിപ്പിച്ചു. ഒല്ലൂരിൽ മൂന്ന് പേരിൽ നിന്നായി 15 ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിനും തെളിവെടുപ്പിനുമായിട്ടായിരുന്നു കസ്റ്റഡിയിൽ വാങ്ങിയത്. ക്രൈംബ്രാഞ്ച് സി.ഐ അനിൽ ടി. മേപ്പുള്ളിയുടെ നേതൃത്വത്തിലാണ് സ്വത്ത് പരിശോധനയും നടത്തിയത്.
ഒളരി, ഗുരുവായൂർ, പൂങ്കുന്നം, പാലക്കാട് എന്നിവിടങ്ങളിൽ റാണയുമായെത്തി പരിശോധന നടത്തി. ഇവിടങ്ങളിൽ വസ്തുക്കൾ വാങ്ങിയിട്ടുണ്ടെന്നായിരുന്നു മൊഴിയിലുണ്ടായിരുന്നത്. ഇത് പരിശോധിക്കുകയായിരുന്നു അന്വേഷണ സംഘം.
103 കേസുകളാണ് നിലവിൽ വിവിധ ജില്ലകളിലായി പ്രവീൺറാണക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സേഫ് ആന്റ് സ്ട്രോങ്ങ് ബിസിനസ് കൾസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആന്റ് സ്ട്രോങ്ങ് നിധി ലിമിറ്റഡ് എന്നീ പണമിടപാട് സ്ഥാപനങ്ങൾ വഴി മുന്നൂറുകോടിയോളം രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. നിക്ഷേപകർക്ക് പരസ്യങ്ങളിലൂടെയും സ്ഥാപനത്തിലെ സ്റ്റാഫ് വഴിയും ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.