പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

news image
Jun 4, 2024, 3:25 am GMT+0000 payyolionline.in

തിരുവനന്തപുരം>  പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

1932 മാര്‍ച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ ജനനം. പിതാവ് ഏ കെ ഭാസ്‌കര്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയും ആയിരുന്നു. മാതാവ്:മീനാക്ഷി ഭാസ്‌കര്‍. 1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി യും 1959 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ:രമ ബി.ഭാസ്‌കര്‍. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവര്‍’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്‌കര്‍ സേവനമനുഷ്ഠിച്ചു. ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ (1953-1958), ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ (1959-1963), 1963 മുതല്‍ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപര്‍,1965 മുതല്‍ 1983 വരെ UNI യില്‍ പ്രവര്‍ത്തിച്ചു.1984 മുതല്‍ 91 വരെ ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, 1996 മുതല്‍ 1997 വരെ ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തകഴിയുടെ പ്രശസ്ത നോവല്‍ കയര്‍ അതേപേരില്‍ എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ഹിന്ദി സീരിയലായി ഇറക്കി. 1989 ല്‍ ഇതു ദേശീയശൃംഗലയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദര്‍ശന് വാര്‍ത്തകളും ഫീച്ചറുകളും നിര്‍മ്മിച്ചു നല്‍കുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്‌സിന്റെ ഉപദേശകനായി 1989 മുതല്‍ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതല്‍ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയില്‍ സക്കറിയയുമായി സഹഅവതാരകനായും പ്രവര്‍ത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe