തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്റ് നൽകുന്നത് അവസാനിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി തേടി. ഗ്രേസ് മാർക്ക് സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങളടങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി തേടിയത്.
ഗ്രേസ് മാർക്ക് ഒരിക്കൽ നൽകിയാൽ അടുത്ത തലത്തിലേക്കുള്ള അഡ്മിഷന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും അധികമായി ഇൻഡക്സ് മാർക്ക് (ബോണസ് മാർക്ക്) നൽകേണ്ടതില്ലെന്ന് ഏപ്രിൽ 20ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിൽ ഭേദഗതിക്ക് അനുമതി തേടിയത്.
കലോത്സവം, കായികമേള ഉൾപ്പെടെ അക്കാദമികേതര നേട്ടങ്ങൾക്ക് പരീക്ഷയിൽ ലഭിച്ച മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്ത് നൽകി പ്ലസ് വൺ പ്രവേശനത്തിന് പ്രത്യേക ബോണസ് പോയന്റ് നൽകുന്നതായിരുന്നു രീതി. ഇതുവഴി ഒരു നേട്ടത്തിന് രണ്ട് ആനുകൂല്യമാണ് വിദ്യാർഥികൾക്ക് ലഭിച്ചിരുന്നത്. ഒരു നേട്ടത്തിന് ഒരു തവണയേ ആനുകൂല്യം നൽകാവൂ എന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശക്ക് സർക്കാർ അനുമതി നൽകുന്നതോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിൽ ബോണസ് പോയന്റ് ഒഴിവാക്കി ഭേദഗതി കൊണ്ടുവരും. ഗ്രേസ് മാർക്ക് ലഭിച്ചയാൾക്കും ഇല്ലാത്തയാൾക്കും പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ) തുല്യമായി വന്നാൽ സമനില ഒഴിവാക്കാൻ ഗ്രേസ് മാർക്ക് ഇല്ലാത്തയാളെ ആദ്യം പരിഗണിക്കുന്നതിനും അനുമതി തേടിയിട്ടുണ്ട്.
ഗ്രേസ് മാർക്കില്ലാത്ത വിദ്യാർഥിക്ക് ലഭിച്ചവരെക്കാൾ അക്കാദമിക മികവുണ്ട് എന്ന പരിഗണനയിലാണിത്.
ഗ്രേസ് മാർക്കിന് ഇരട്ട ആനുകൂല്യം നൽകുന്നത് അവസാനിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ മെറിറ്റ് ഉറപ്പ് വരുത്താൻ വഴിയൊരുക്കും. ഇതിനനുസൃതമായാണ് ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് ബോണസ് പോയന്റ് അനുവദിക്കുന്നത് പ്രോസ്പെക്ടസിൽനിന്ന് ഒഴിവാക്കാൻ അനുമതി തേടിയത്.