മുംബൈ: അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ബാങ്കില്‍ നിന്ന് ബാങ്കുകള്‍ക്കു നല്കുന്ന വായ്പ (മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി- എംഎസ്എഫ്)യുടെ പലിശ നിരക്ക് ആര്‍ബിഐ അര ശതമാനം കുറച്ചു. ഒമ്പതര ശതമാനത്തില്‍ നിന്ന് ഒമ്പതു ശതമാനമാവും എംഎസ്എഫ് നിരക്ക്. ഇതിന് ഉടനടി പ്രാബല്യവും പ്രഖ്യാപിച്ചു കേന്ദ്ര ബാങ്ക്. ഫണ്ടൊഴുക്ക് കൂട്ടുന്നതു ലക്ഷ്യമിട്ടാണിത്. നേരത്തേ 10.25 ശതമാനമായിരുന്നു എംഎസ്എഫ് നിരക്ക്. കഴിഞ്ഞ മിഡ് ക്വാര്‍ട്ടര്‍ വായ്പാ നയത്തിലാണ് ഒമ്പതരയായി കുറച്ചത്.
ഗണ്യമായ ഫണ്ട് ക്ഷാമം ഉണ്ടാവുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ കേന്ദ്ര ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ വാണിജ്യ ബാങ്കുകള്‍ക്കുള്ള സൗകര്യമാണ് എംഎസ്എഫ്. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റ് പര്‍ച്ചേസിലൂടെ 9,974 കോടി രൂപ വിപണിയില്‍ ഇറക്കിയിട്ടുണ്ടെന്നും ആര്‍ബിഐ. ഒരു ദിവസത്തെ റിപ്പോ വഴി 40,316 കോടി രൂപയും വിപണിയിലേക്ക് ഒഴുക്കിയിട്ടുണ്ട്.